olympic-light
olympic light

ടോക്കിയോ ഒളിമ്പിക്സ് ദീപം തെളിക്കൽ ചടങ്ങ് കനത്ത സുരക്ഷയിൽ ഏതൻസിൽ നടന്നു

ഏതൻസ് : ലോകമെങ്ങും കൊറോണ വൈറസിന്റെ ആശങ്കയിലാഴ്ന്നിരിക്കേ വരുന്ന ജൂലായ് 24ന് ടോക്കിയോയിൽ അരങ്ങേറേണ്ട ഒളിമ്പിക്സ് കായിക മഹാമഹത്തിന്റെ ദീപം തെളിക്കൽ ഇന്നലെ ഗ്രീസിലെ ഏതൻസിലെ പൗരാണിക ഒളിമ്പ്യാ ക്ഷേത്രത്തിൽ ആചാരപ്രകാരം നടന്നു.

കൊറോണ ഭീഷണിയുള്ളതിനാൽ ജപ്പാനിൽ സമയത്ത് ഒളിമ്പിക്സ് നടത്താനാകുമോ എന്ന കാര്യത്തിൽ ഇനിയും ഉറപ്പായിട്ടില്ലെങ്കിലും ദീപം തെളിക്കൽ കൃത്യമായി നടത്തി ഗെയിംസുമായി മുന്നോട്ടുപോകാനുള്ള തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി. ഇന്നലെ ചടങ്ങ് ഉദ്ഘാടനം ചെയ്ത ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ച് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.

കൊറോണ മുൻകരുതലിന്റെ ഭാഗമായി ദീപം തെളിക്കൽ ചടങ്ങിലേക്ക് കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെയും ടോക്കിയോ സംഘാടക സമിതിയുടെയും പ്രതിനിധികളായി നൂറോളം വിശിഷ്ടാതിഥികൾ മാത്രമാണ് ചടങ്ങിനെത്തിയത്.

ഏതൻസിലെ ഹേരാ ദേവിയുടെ ക്ഷേത്രാങ്കണത്തിലാണ് ചടങ്ങ് നടന്നത്. ഗ്രീക്ക് ദേവതാ വേഷം ധരിച്ച നടിമാർ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ദീപം ജ്വലിപ്പിക്കുകയും ദീപശിഖയിലേക്ക് പകരുകയുമായിരുന്നു. ഗ്രീക്ക് ഒളിമ്പിക്സ് ഷൂട്ടിംഗ് ചാമ്പ്യൻ അന്ന കൊരാകാക്കിയാണ് ഒളിമ്പിക് ദീപ ശിഖ ഏറ്റുവാങ്ങിയത്. ദീപശിഖയുടെ ഗ്രീസിലെ പ്രയാണം തുടക്കം കുറിച്ച അന്ന പിന്നീട് ജാപ്പനീസ് ഒളിമ്പിക് മാരത്തോൺ ചാമ്പ്യൻ മിസുക്കി നോഗുച്ചിക്ക് കൈമാറി.

8

ദിവസമാണ് ഗ്രീസിൽ ഒളിമ്പിക് ദീപശിഖാപ്രയാണം നടക്കുക. ആൾക്കൂട്ടങ്ങളും ആരവവും ഒഴിവാക്കിയാകും ഗ്രീസിൽ പ്രയാണം നടത്തുക.

121

ദിവസം ദീപശിഖാപ്രയാണം ജപ്പാനിൽ നടക്കും. ഫുക്കുഷിമയിലാണ് ജപ്പാനിലെ പ്രയാണത്തിന് തുടക്കമാവുക. ഒളിമ്പിക്സ് ഉദ്ഘാടന ദിവസമായ ജൂലായ് 24ന് ദീപശിഖ പ്രധാന വേദിയായ നാഷണൽ സ്റ്റേഡിയത്തിലെത്തിക്കും.

1936

ലെ ബെർലിൻ ഒളിമ്പിക്സിലാണ് ദീപശിഖാ പ്രയാണം ആദ്യമായി നടന്നത്.

. ഒളിമ്പ്യാക്ഷേത്രത്തിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങിയ ആദ്യ വനിത അത്‌ലറ്റായി അന്ന കൊരകാക്കി ചരിത്രം കുറിച്ചു. റിയോ ഒളിമ്പിക്സിലെ ഷൂട്ടിംഗ് സ്വർണ മെഡൽ ജേതാവാണ് അന്ന. ടോക്കിയോയിലും മത്സരിക്കുന്നുണ്ട്.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഒളിമ്പിക് ദീപം തെളിക്കൽ ചടങ്ങ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ടോക്കിയോ ഒളിമ്പിക്സ് നിശ്ചയിച്ച പ്രകാരം തന്നെ നടത്താൻ ഏത് വെല്ലുവിളികൾക്കിടയിലും ഐ.ഒ.സി സർവ സജ്ജമാണ്. കൊറോണ വൈറസിന്റെ വ്യാപനം തടുക്കാൻ അന്താരാഷ്ട്ര സംഘടനകൾക്കൊപ്പം ഐ.ഒ.സിയും മുന്നിലുണ്ട്. കായിക താരങ്ങളുടെയും കാണികളുടെയും സുരക്ഷ മുൻനിറുത്തിയാവും ഒളിമ്പിക് ദീപശിഖാപ്രയാണം നടത്തുക.

തോമസ് ബാച്ച്

ഐ.ഒ.സി പ്രസിഡന്റ്