ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള സ്റ്റേജ് പ്രോഗ്രാമുകൾ,അശ്വതി നാളിലെ ഉരുൾ വഴിപാട് എന്നിവ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒഴിവാക്കി ഉത്സവം നടത്താൻ തീരുമാനിച്ചതായി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.ഭരണി നാളിലെ ഗരുഡൻ തൂക്കം ആചാരത്തിന് വേണ്ടി രണ്ട് തൂക്ക വില്ലുകളിലും ഒരോ തൂക്കം വീതമായി പരിമിതപ്പെടുത്തും.ഉത്സവബലി, പള്ളിവേട്ട, തിരു ആറാട്ട് എന്നീ ചടങ്ങുകൾ ഭക്തജനങ്ങളുടെ തിരക്ക് ഒഴിവാക്കി നടത്തും.അന്നദാനം ഒഴിവാക്കിയിട്ടുണ്ട്.മീനഭരണി മഹോത്സവം19ന് തൃക്കൊടിയേറി 28ന് തിരു ആറാട്ടോടെ സമാപിക്കും.ഈ ദിവസങ്ങളിൽ ക്ഷേത്ര ആചാരചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.വിജയകുമാർ, സെക്രട്ടറി അജയൻ ശാർക്കര, മിഥുൻ റ്റി.ഭദ്രൻ, മണികുമാർ ശാർക്കര, ഷിബു, സുധീഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.