കൊറോണ വൈറസ് ഭീഷണി ഒളിമ്പിക്സിനെ മാത്രമല്ല ലോകമെങ്ങുമുള്ള കായിക മേഖലയെ അതിതീവ്രമായി ബാധിച്ചിരിക്കുകയാണ്. പല അന്താരാഷ്ട്ര മത്സരങ്ങളും ലീഗുകളും മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കേണ്ടിയോവരുന്ന സ്ഥിതിയാണിപ്പോൾ. അത്യാവശ്യം നടത്തേണ്ട മത്സരങ്ങൾ കാണികളെ ഒഴിവാക്കി നടത്താനും തീരുമാനമായിട്ടുണ്ട്.
. ഒളിമ്പിക്സിന് മുന്നോടിയായി യൂറോപ്യൻ പര്യടനം നടത്താനുള്ള ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകളുടെ പദ്ധതി ഉപേക്ഷിച്ചേക്കും.
. നാളെ ഗോവയിൽ എ.ടി.കെയും ചെന്നൈയിൻ എഫ്.സിയും തമ്മിൽ നടക്കേണ്ട ഐ.എസ്.എൽ ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമാണ് തീരുമാനം.
. റയൽ മാഡ്രിഡ് ക്ളബിന്റെ ബാസ്കറ്റ്ബാൾ താരങ്ങളിൽ ചിലർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാൽ റയലിന്റെ ഫുട്ബാൾ ടീമിനെ രണ്ടാഴ്ചത്തേക്ക് നിരീക്ഷണത്തിലാക്കി. സ്പാനിഷ് ലാലിഗ ഫുട്ബാൾ മത്സരങ്ങൾ രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
. ഇൗ മാസം 29ന് തുടങ്ങുന്ന ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് ടി.വിയിൽ കൂടി മാത്രമേ കാണാനാകൂ. ഗാലറികൾ ഒഴിച്ചിട്ട് മത്സരം നടത്താനാണ് ബി.സി.സി.ഐ തീരുമാനം. ടൂർണമെന്റിന്റെ മറ്റു സുരക്ഷാകാര്യങ്ങൾ നിശ്ചയിക്കാൻ ഐ.പി.എൽ ഒാർഗനൈസിംഗ് കമ്മിറ്റി നാളെ യോഗം ചേരും. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ മറ്റ് മത്സരങ്ങളും രഞ്ജി ട്രോഫി ഫൈനലും കാണികളില്ലാതെയാകും നടത്തുക.
. ഐ.പി.എല്ലിൽ വിദേശ താരങ്ങൾക്ക് കളിക്കാൻ കഴിയുമോ എന്ന കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്. നിലവിൽ വിദേശികളെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കുന്നില്ല.
. ആസ്ട്രേലിയൻ ഗ്രാൻപ്രീ ഫോർമുല വൺ റേസിൽ നിന്ന് മക്‌ലാരൻ ടീം പിൻമാറി. ടീമിലെ അംഗങ്ങൾക്ക് കൊറോണ ബാധിച്ചതിനെ തുടർന്നാണിത്. എന്നാൽ ഇൗ സാഹചര്യത്തിലും റേസുമായി മുന്നോട്ടുപോകാനുള്ള സംഘാടകരുടെ തീരുമാനത്തെ എതിർത്ത് ചാമ്പ്യൻ ഡ്രൈവർ ലെവിസ് ഹാമിൽട്ടൺ രംഗത്തെത്തിയിട്ടുണ്ട്.
. യൂറോകപ്പ് ഫുട്ബാളിന്റെ സന്നാഹമായി ഇൗമാസം ഖത്തറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചതുർ രാഷ്ട്ര ഫുട്ബാൾ ടൂർണമെന്റ് റദ്ദാക്കി. യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗൽ, ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ, ബെൽജിയം, സ്വിറ്റ്‌സർലാൻഡ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കാനിരുന്നത്. മാർച്ച് 26 മുതൽ 30 വരെയായിരുന്നു ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്.
. വലിയ ആൾക്കൂട്ടത്തെ കാണികളായി പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങൾ നടത്തരുതെന്ന് കേന്ദ്ര കായിക മന്ത്രാലയം ബി.സി.സി.ഐ ഉൾപ്പെടെ എല്ലാ കായിക ഫെഡറേഷനുകൾക്കും നിർദ്ദേശം നൽകി. ഏപ്രിൽ 15 വരെ ഇന്ത്യയിൽ വിദേശതാരങ്ങൾക്ക് കളിക്കാൻ വിസ നൽകില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
. കേന്ദ്ര സർക്കാർ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 15 വരെ എല്ലാ സംസ്ഥാന ദേശീയതല മത്സരങ്ങളും പരിശീലന ക്യാമ്പുകളും നിറുത്തിവയ്ക്കാൻ പാരാലിമ്പിക് കമ്മിറ്റി ഒഫ് ഇന്ത്യ തീരുമാനിച്ചു.
. അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ ഉൾപ്പെടെയുള്ള കായിക അസോസിയേഷനുകൾ മത്സരങ്ങളും ക്യാമ്പുകളും ഉപേക്ഷിച്ചിരിക്കുകയാണ്. കായിക താരങ്ങൾക്ക് വേണ്ട സുരക്ഷാമുൻകരുതലുകളും നൽകിയിട്ടുണ്ട്.
. മാർച്ച് എട്ടിന് ഇന്ത്യയും ആസ്ട്രേലിയും തമ്മിലുള്ള വനിത ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാൻ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയിരുന്നവരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചത് ആശങ്ക പരത്തിയിട്ടുണ്ട്. ഇതോടെ കളി കാണാൻ എത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആസ്ട്രേലിയൻ സർക്കാർ ആവശ്യപ്പെട്ടു. 86,174 പേരാണ് മെൽബണിൽ ഫൈനൽ കാണാനെത്തിയത്.
. ഇന്ത്യ, ശ്രീലങ്ക, വിൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ മുൻകാല താരങ്ങൾ അണിനിരക്കുന്ന റോഡ് സേഫ്ടി വേൾഡ് സിരീസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇനിയുള്ള മത്സരങ്ങൾ ഒഴിഞ്ഞ ഗാലറിയുമായാണ് നടത്തുക.
. യുവന്റസ് ഫുട്ബാൾ ടീമിന്റെ ഡിഫൻഡർ ഡാനിയേലെ റുഗാനിക് കൊറോണ സ്ഥിരീകരച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിക്കുന്ന റുഗാനി ഇപ്പോൾ ഐസൊലേഷനിലാണ്. കഴിഞ്ഞമാസം രണ്ട് മത്സരങ്ങളിൽ റുഗാനി കളിച്ചിരുന്നു. ഇതോടെ അടുത്തയാഴ്ചത്തെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരവും സംശയത്തിലായി. സുഖമില്ലാത്ത അമ്മയെ കാണാൻ ജന്മനാടായ പോർച്ചുഗലിൽ പോയ ക്രിസ്റ്റ്യാനോ ഇന്ന് യുവന്റസ് ടീമിനൊപ്പം മടങ്ങിയെത്താനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും.
. ഫെഡറേഷൻ കപ്പ് ടെന്നിസിന്റെ ഫൈനൽസും പ്ളേ ഒാഫും മാറ്റിവച്ചതായി ഇന്റർനാഷണൽ ടെന്നിസ് ഫെഡറേഷൻ അറിയിച്ചു.