നെടുമങ്ങാട് : ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ മനംനൊന്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മന്നൂർക്കോണം മുള്ളുവേങ്ങാമൂട് കൊച്ചുകരിക്കകം മനു ഭവനിൽ മേഴ്‌സി (50) മരിച്ചു. കഴിഞ്ഞ 5ന് രാവിലെ 11.30 ന് വീട്ടിൽവച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മേഴ്‌സി ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മരിച്ചത്. ചികിത്സയ്ക്കിടയിൽ പൊലീസിന് നൽകിയ മൊഴിയിൽ ഭർത്താവ് സുന്ദരേശൻ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ചുവെന്നും മർദ്ദനം സഹിക്കാനാവാതെ മുറിയിൽ ഒാടിക്കയറി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
തീ പടർന്നപ്പോൾ ഭർത്താവ് ഒാടിവന്ന് കെടുത്താൻ ശ്രമിച്ചുവെന്നും പറയുന്നുണ്ട്. മരണമൊഴിയുടെ അടിസ്ഥാനത്തിൽ ശാരീരിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചേർത്ത് സുന്ദരേശനെതിരെ വലിയമല പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ദുബായിൽ ജോലി നോക്കുന്ന മകൻ മനു എത്തിയതിനു ശേഷം മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിക്കും. വലിയമല സി.ഐ ജെ.ആർ. രഞ്ജിത്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മകൾ : സുനിത. മരുമകൻ : എസ്.സാബു.