തിരുവനന്തപുരം: നൂറ് രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ വീട്ടുകാർ പിടികൂടി തെങ്ങിൽ കെട്ടിവച്ച് മർദ്ദിച്ചതിനെക്കുറിച്ച് പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. പൊലീസ് ഇക്കാര്യത്തിൽ വ്യത്യസ്ത റിപ്പോർട്ടുകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പിയും കാഞ്ഞിരംകുളം സർക്കിൾ ഇൻസ്‌പെക്ടറുമാണ് ഒരേ സംഭവത്തിൽ വ്യത്യസ്തമായ റിപ്പോർട്ടുകൾ നൽകിയത്. കരുംകുളം സ്വദേശി വർഗീസിനെ പ്രദേശവാസിയായ ലില്ലിയും മക്കളും ചേർന്ന് സംശയത്തിന്റെ പേരിൽ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.
വർഗീസിന്റെ 60,000 രൂപയുടെ മൊബൈൽ ഫോൺ ഇവർ കൈക്കലാക്കി. ഇതിനുശേഷം വർഗീസിന്റെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. വർഗീസിന്റെ മാതാപിതാക്കളായ ചന്ദ്രനും ജയയുമാണ് പരാതി നൽകിയത്. 60,000 രൂപയുടെ ഫോൺ വാങ്ങിയതിന്റെ ബിൽ കമ്മിഷനിൽ ഹാജരാക്കി. കമ്മിഷൻ കാഞ്ഞിരംകുളം സി ഐ, നെയ്യാറ്റിൻകര ഡിവൈ എസ്.പി എന്നിവരിൽ നിന്ന് റിപ്പോർട്ട് വാങ്ങി. 2019 ആഗസ്റ്റ് 3 ന് ലില്ലിയുടെ വീട്ടിൽമോഷണം നടത്താൻ ശ്രമിച്ച വർഗീസിനെ പിടികൂടി തെങ്ങിൽ കെട്ടിവച്ചെന്നാണ് കാഞ്ഞിരംകുളം സി.ഐ കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
വർഗീസിന്റെ ശരീരത്തിൽ ചെറിയ പരിക്കുകൾ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. വർഗീസിന് പരിക്ക് പറ്റിയത് എങ്ങനെയാണെന്നോ, ആരാണ് പരിക്ക് ഏൽപ്പിച്ചതെന്നോ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. പരിക്കേൽപ്പിച്ചവർക്കെതിരെ നടപടി എടുത്തോയെന്നും റിപ്പോർട്ടിലില്ല. എന്നാൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരിക്ക് സംബന്ധിച്ച പരാമർശം പോലുമുണ്ടായിരുന്നില്ല. 100 രൂപനോട്ട് അടങ്ങിയ ബാഗ് വർഗീസ് മോഷ്ടിച്ചെന്നും 1500 രൂപ നഷ്ടം വരുത്തിയെന്നുമാണ് എഫ്.ഐ.ആറിൽ. റൂറൽ പൊലീസ് മേധാവി നടത്തുന്ന അന്വേഷണത്തിൽ പരാതിക്കാരെയും വർഗീസിനെയും കേൾക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.