നെടുമങ്ങാട്: അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ നഗരസഭ സെക്രട്ടറി എസ്.നാരായണന്റെ നേതൃത്വത്തിൽ നിരോധിത പാൻമസാലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും വൻ ശേഖരം പിടികൂടി.12 ബണ്ടിൽ പാൻ മസാലയും 26 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തിട്ടുണ്ട്.വലിയമല ഐ.എസ്.ആർ.ഒയിലെ കെട്ടിട നിർമ്മാണത്തിന് എത്തിയ നാനൂറോളം തൊഴിലാളികളാണ് ക്യാമ്പിൽ താമസിക്കുന്നത്.നഗരസഭ ലൈസൻസോ, ക്യാമ്പ് പ്രവർത്തിക്കുന്നതിന് ആവശ്യമായ മറ്റു രേഖകളോ കെട്ടിടത്തിന് ഇല്ല.ലേബർ ക്യാമ്പ് ഉടൻ അടച്ചുപൂട്ടാനും നിർദ്ദേശിച്ചു.നഗരസഭയുടെ അറിവോടെയല്ല ക്യാമ്പ് പ്രവർത്തിക്കുന്ന കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്ന് മുനിസിപ്പൽ സെക്രട്ടറി പറഞ്ഞു.