ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം
ഒറ്റപന്തുപോലും എറിയാനാകാതെ
ഉപേക്ഷിച്ചു
ധർമ്മശാല : രണ്ടുദിവസമായി തുടരുന്ന കനത്ത മഴ കാരണം ധർമ്മശാലയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പരയിലെ ആദ്യ ഏകദിന മത്സരം ഒറ്റപ്പന്തുപോലും എറിയാനാകാതെ ഉപേക്ഷിക്കേണ്ടിവന്നു.
കഴിഞ്ഞദിവസം മുതൽ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ പിച്ചും ഒൗട്ട് ഫീൽഡും മഴയെപ്പേടിച്ച് കവർ ചെയ്തിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പെയ്ത മഴ ഉച്ചയോടെ തോർന്നപ്പോൾ കവറുകൾ നീക്കം ചെയ്യാൻ തുടങ്ങിയെങ്കിലും മൂന്നുമണിയോടെ വീണ്ടുമെത്തിയ മഴ 20 ഒാവർ മത്സരമെങ്കിലും നടത്താനുള്ള സാധ്യത ഇല്ലാതാക്കി.
മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഇതിൽ രണ്ടാമത്തേത് ഞായറാഴ്ച ലക്‌നൗവിലും മൂന്നാമത്തേത് 18ാം തീയതി കൊൽക്കത്തയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇൗ മത്സരങ്ങൾക്ക് ഗാലറിയിൽ കാണികളെ പ്രവേശിപ്പിക്കേണ്ട എന്ന് ബി.സി.സി.ഐ നിശ്ചയിച്ചിട്ടുണ്ട്.
സെപ്തംബറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വന്റി 20 യും ധർമ്മശാലയിലെ മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
രഞ്ജി ട്രോഫി ഫൈനൽ
പിടി വിടാതെ ബംഗാൾ
രാജ്കോട്ട് : സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഒന്നാം ഇന്നിംഗ്സിൽ ബംഗാളിന്റെ പ്രതിരോധാത്മ ബാറ്റിംഗ്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 425 നെതിരെ നാലാംദിവസം കളിനിറുത്തുമ്പോൾ 354/6 എന്ന നിലയിലാണ് ബംഗാൾ. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 71 റൺസ് മാത്രം പിന്നിലാണ് ബംഗാൾ ഇപ്പോൾ. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പുള്ളതിനാൽ ഒന്നാം ഇന്നിംഗ്സ് ലീഡിലൂടെ കിരീടം സ്വന്തമാക്കാമെന്നുള്ള പ്രതീക്ഷയിലാണ് സൗരാഷ്ട്രയും ബംഗാളും എന്നതിനാൽ അവസാന ദിവസമായ ഇന്നത്തെ കളി ആവേശകരമാകും.
നാലാം ദിനമായ ഇന്നലെ 134/3 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ബംഗാൾ 82 ഒാവറുകൾ ബാറ്റുചെയ്ത് 220 റൺസ് നേടിയപ്പോൾ മൂന്ന് വിക്കറ്റുകൾ കൂടിയേ നഷ്ടപ്പെടുത്തിയുള്ളൂ. അർദ്ധ സെഞ്ച്വറികൾ നേടിയ സുദീപ് ചാറ്റർജിയും (81), വൃദ്ധിമാൻ സാഹയും (64) ചേർന്നാണ് ഇന്നലെ രാവിലെ മുതൽ സൗരാഷ്ട്ര ബൗളേഴ്സിനെ പരീക്ഷിച്ചത്. 101 റൺസ് കൂട്ടിച്ചേർത്ത ശേഷം സുദീപ് പുറത്തായെങ്കിലും പകരമെത്തിയ അനുസ് തൂപ് മജുംദാർ (58 നോട്ടൗട്ട്) നിലയുറപ്പിച്ചത് സൗരാഷ്ട്രയ്ക്ക് വിനയായി. സാഹ, ഷഹ്‌ബാസ് അഹമ്മദ് (16) എന്നിവരെ കൂടിയാണ് ബംഗാളിന് ഇന്നലെ നഷ്ടമായത്. കളി നിറുത്തുമ്പോൾ 28 റൺസുമായി അർണാബ് നന്ദിയാണ് അനുസ്‌തൂപിന് കൂട്ട്.
കർണാടകയ്ക്കെതിരായ സെമിഫൈനലിന്റെ ആദ്യ ഇന്നിംഗ്സിൽ പുറത്താകാതെ 149റൺസും രണ്ടാം ഇന്നിംഗ്സിൽ 41 റൺസും നേടിയിരുന്ന അനുസ്‌തൂപിലാണ് ബംഗാളിന്റെ കിരീട പ്രതീക്ഷകൾ.