athletico-madrid
athletico madrid

രണ്ടാംപാദ പ്രീക്വാർട്ടറിൽ ലിവർപൂളിനെ 3-2ന് കീഴടക്കി

അത്‌ലറ്റിക്കോ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

ബൊറൂഷ്യ ഡോർട്ട് മുണ്ടിനെ രണ്ടാംപാദത്തിൽ 2-0ത്തിന്

തോൽപ്പിച്ച് പാരീസ് എസ്.ജിയും ക്വാർട്ടറിൽ

ലണ്ടൻ : നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ളീഷ് ക്ളബ് ലിവർപൂളിനെ അധികസമയത്തേക്ക് കടന്ന രണ്ടാംപാദ പ്രീക്വാർട്ടറിൽ 3-2ന് കീഴടക്കിയ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ക്വാർട്ടറിലെത്തി. ആദ്യപാദത്തിൽ 1-0ത്തിന് ജയിച്ചിരുന്ന അത്‌ലറ്റിക്കോയ്ക്കെതിരെ ലിവർപൂൾ രണ്ടാം പാദത്തിന്റെ നിശ്ചിത സമയത്ത് 1-0 ത്തിന് മുന്നിലായിരുന്നതിനെതുടർന്നാണ് എക്‌സ്ട്രാ ടൈമിലേക്ക് കളി നീങ്ങിയത്. അധികസമയത്ത് അത്‌ലറ്റിക്കോ മൂന്ന് ഗോളുകൾ നേടിയപ്പോൾ ലിവർപൂളിന് ഒരു ഗോൾ കൂടിയേ നേടാനായുള്ളൂ.

നിശ്ചിത സമയത്ത് വിയനാൽഡാമിന്റെ ഗോളിലൂടെയാണ് ലിവർപൂൾ മുന്നിലെത്തിയിരുന്നത്. അധികസമയത്തിന്റെ തുടക്കത്തിൽ റോബർട്ടോ ഫിർമിനോയിലൂടെ ലിവർപൂൾ ലീഡുയർത്തിയെങ്കിലും അവസാന 13 മിനിട്ടിനിടയിലെ ലോറന്റേയുടെ ഇരട്ട ഗോളുകളും അൽവാരോ മൊറാട്ടയുടെ ഗോളും അത്‌ലറ്റിക്കോയ്ക്ക് ക്വാർട്ടറിലേക്കുള്ള വഴിതുറന്നു.

മറ്റൊരു രണ്ടാംപാദ മത്സരത്തിൽ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി 2-0 ത്തിന് ബൊറൂഷ്യ ഡോർട്ട് മുണ്ടിനെ തോൽപ്പിച്ച് അവസാന എട്ടിൽ ഇടംപിടിച്ചു. ആദ്യപാദത്തിൽ 1-0ത്തിന് വിജയിച്ചിരുന്ന ബൊറൂഷ്യയ്ക്ക് രണ്ടാംപാദത്തിൽ കളി കൈവിട്ടുപോവുകയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ കാണികളില്ലാതെ നടത്തിയ മത്സരത്തിന്റെ 28-ാം മിനിട്ടിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറും 45-ാം മിനിട്ടിൽ യുവാൻ ബെർനാത്തുമാണ് പാരീസിന് വേണ്ടി സ്കോർ ചെയ്തത്.

ലിവർപൂൾ വീണതിങ്ങനെ

0-1

43-ാം മിനിട്ടിൽ ഒാക്‌സലൈഡ് ചേമ്പർ ലൈനിന്റെ ക്രോസിൽ നിന്ന് വിയനാൽഡം ലിവർപൂളിനെ ഗോൾ നേടുന്നു. നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരുപാദങ്ങളിലുമായി 1-1ന് സമനിലയിൽ.

0-2

94-ാം മിനിട്ടിൽ തകർപ്പൻ ഹെഡറിലൂടെ ഫിർമിനോ ലിവറിന്റെ ലീഡുയർത്തുന്നു.

1-2

97-ാം മിനിട്ടിൽ ലോറന്റേയിലൂടെ അത്‌ലറ്റിക്കോയുടെ ആദ്യ ഗോൾ.

2-2

105-ാം മിനിട്ടിൽ ലോറന്റേ മൊറാട്ടയുടെ പാസിൽനിന്ന് വീണ്ടും സ്കോർ ചെയ്തതോടെ അത് ‌ലറ്റിക്കോ മത്സരത്തിലേക്ക് തിരിച്ചുവന്നു.

3-2

അധിക സമയത്തിന്റെ അവസാന നിമിഷം ലോറന്റെയുടെപാസിൽനിന്ന് മൊറാട്ടയുടെ ഗോൾ. 4-2 എന്ന ഗോൾ മാർജിനിൽ അത്‌ലറ്റിക്കോ ക്വാർട്ടറിൽ.

43

മത്സരങ്ങൾക്ക് ശേഷമാണ് ലിവർപൂൾ ഹോം ഗ്രൗണ്ടിൽ യൂറോപ്യൻ മത്സരത്തിൽ തോൽക്കുന്നത്. പരിശീലകൻ യൂർഗൻ ക്ളോപ്പിന് കീഴിൽ യൂറോപ്യൻ ലീഗിലെ ആദ്യ ഹോംമാച്ച് തോൽവിയാണിത്. 2014 ഒക്ടോബറിലായിരുന്നു ലിവറിന്റെ ഇതിനുള്ള യൂറോപ്യൻ ഹോം മാച്ച് തോൽവി.

2005/06

സീസണിന് ശേഷം ലിവർപൂൾ യൂറോപ്യൻ ലീഗിന്റെ ഇരുപാദങ്ങളിലും തോൽക്കുന്നത് ഇതാദ്യം.

4

ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് എക്‌സ്ട്രാ ടൈമിൽ നാലു ഗോളുകൾ പിറക്കുന്നത്.

പകരക്കാരനായി ഇറങ്ങിയാണ് ലോറന്റേ രണ്ട് ഗോളുകൾ നേടിയത്.

തികച്ചും പ്രതിരോധാത്മകമായ കളിയാണ് അത്‌ലറ്റിക്കോ കാഴ്ചവച്ചത്. ഇത് ഫുട്ബാളിന് നല്ലതല്ല.

യൂർഗൻ ക്ളോപ്പ്

ലിവർപൂൾ കോച്ച്