1

പൂവാർ: സാമൂഹിക മാദ്ധ്യമങ്ങൾ വഴി മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കരുംകുളം പുതിയതുറ കിഴങ്ങുവിള പുരയിടത്തിൽ ഷിബു എന്ന അബ്രഹാം (40)നെയാണ് തമിഴ്നാട്ടിലെ ഭൂതപാണ്ടിയിൽ നിന്ന് പിടികൂടിയത്. യുവതിയുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചുകൊടുത്ത സംഭവത്തിലാണ് അറസ്റ്റ്. കാഞ്ഞിരംകുളം ഇൻസ്പെക്ടർ സുരേഷ്.വി.നായരുടെ നേതൃത്വത്തിൽ എസ്.ഐ വിജയകുമാർ, എ.എസ്.ഐ ശ്രീകണ്ഠൻ നായർ, സി.പി.ഒ പ്രവീൺദാസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.