saina
saina

ആദ്യ റൗണ്ടിൽ സൈന

പുറത്ത്

ബർമിംഗ് ഹാം : ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടാനുള്ള ഇന്ത്യൻ സൂപ്പർ താരം സൈന നെഹ്‌വാളിന്റെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ തോൽവി. ഇന്നലെ ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് നേരിട്ടുള്ള ഗെയിമുകൾക്ക് സൈനയെ ആദ്യറൗണ്ടിൽ പുറത്താക്കിയത്. വെറും 28 മിനിട്ടുകൊണ്ട് 21-11, 21-8 എന്ന സ്കോറിനായിുന്നു യമാഗുച്ചിയുടെ ജയം.

അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യൻ കൗമാര താരം ലക്ഷ്യ സെൻ ആദ്യറൗണ്ടിൽ വിജയം നേടി. ഹോംഗ്കോംഗിന്റെ ചെയൂക്ക് യിയുലീയെ 17-21, 21-8, 21-17 എന്ന സ്കോറിനാണ് ലക്ഷ്യ കീഴടക്കിയത്. രണ്ടാം റൗണ്ടിൽ ഡെൻമാർക്കിന്റെ വിക്ടർ അക്‌സലാനാണ് ലക്ഷ്യയുടെ എതിരാളി.

പുരുഷ സിംഗിൾസിൽ കഴിഞ്ഞ ദിവസം ശ്രീകാന്തും പി. കാശ്യപും ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. പി.വി. സിന്ധു വനിതാ സിംഗിൾസിൽ ആദ്യറൗണ്ടിൽ വിജയം നേടി.

താരങ്ങളുടെ മടക്കയാത്ര

അനിശ്ചിതത്വത്തിൽ

ബർമിംഗ് ഹാം : ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യറൗണ്ടിൽ പുറത്തായ സൈന നെഹ്‌വാൾ, പി.കാശ്യപ്, ശ്രീകാന്ത് തുടങ്ങിയ താരങ്ങളുടെ ഇന്ത്യയിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായി. തങ്ങൾക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ കഴിയുമോ എന്ന് ചോദിച്ച് കാശ്യപ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി ട്വിറ്ററിൽ ബന്ധപ്പെട്ടിരുന്നു. കൊറോണ ബാധിതമായ രാജ്യങ്ങളിൽനിന്ന് വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നതിനാലാണിത്. ഇൗ താരങ്ങൾ ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പിന് മുമ്പ് ബാഴ്സലോണ ഒാപ്പണിലും കളിച്ചിരുന്നു.

റഷ്യയ്ക്ക് വൻ പിഴ

മൊണാക്കോ : ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിന് റഷ്യൻ അത്‌ലറ്റിക് ഫെഡറേഷന് ലോക അത്‌ലറ്റിക്സ് ഫെഡറേഷൻ 10 ദശലക്ഷം ഡോളർ പിഴ ചുമത്തി. റഷ്യയിൽ നിന്നുള്ള 10 അത്‌ലറ്റുകൾക്ക് ലോക ഫെഡറേഷന്റെ ബാനറിൽ സ്വതന്ത്ര താരങ്ങളായി ഒളിമ്പിക്സിൽ മത്സരിക്കാൻ അവസരം നൽകുമന്നും വേൾഡ് അത്‌ലറ്റിക്സ് അറിയിച്ചു.

നിത അംബാനി ടോപ് ടെന്നിൽ

ന്യൂഡൽഹി : അന്താരാഷ്ട്ര കായിക രംഗത്ത് സ്വാധീനമുള്ള പത്ത് വനിതകളുടെ പട്ടികയിൽ നിത അംബാനിയും. ഐസ്പോർട്സ് കണക്ട് സ്പോർട്സ് ബിസിനസ് നെറ്റ്‌‌വർക്കാണ് നിതയെ തിരഞ്ഞെടുത്തത്. സെറീന വില്യംസ്, നവോമി ഒസാക്ക, സൈമൺ ബൈൽസ് തുടങ്ങിയവരും പട്ടികയിലുണ്ട്. ഐ.പി.എൽ ക്ളബ് മുംബയ് ഇന്ത്യൻസിന്റെ ഉടമയും ഐ.എസ്.എൽ ഫുട്ബാളിന്റെ ഉടമകളായ റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണുമാണ് മുകേഷ് അംബാനിയുടെ ഭാര്യയായ നിത. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗവുമാണ്.

ആസ്ട്രേലിയ Vs ന്യൂസിലാൻഡ്

ആദ്യ ഏകദിനം ഇന്ന്

സിഡ്നി : ആസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യമത്സരം ഇന്ന് സിഡ്നിയിൽ നടക്കും. ഇന്ത്യയെ ഏകദിനത്തിലും ടെസ്റ്റിലും കീഴടക്കിയശേഷമാണ് ന്യൂസിലാൻഡ് ആസ്ട്രേലിയൻ പര്യടനത്തിന് എത്തിയിരിക്കുന്നത്.

കൊറോണ

. ആറാഴ്ചത്തേക്ക് പുരുഷ ടെന്നിസ് ടൂർണമെന്റുകൾ നിറുത്തിവയ്ക്കാൻ എ.ടി.പി ടൂർ അധികൃതർ ഉത്തരവിട്ടു.

. ഏപ്രിൽ 10 മുതൽ 13 വരെ പട്യാലയിൽ നടക്കേണ്ട ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് മത്സരങ്ങൾ മാറ്റില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ അറിയിച്ചു. എന്നാൽ ഇൗ മീറ്റിൽ മത്സരിക്കാൻ ക്ഷണിച്ചിരുന്ന അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ടൈഗർ വുഡ്സ് ഹാൾ ഒഫ് ഫെയിമിൽ

മയാമി :അമേരിക്കൻ ഇതിഹാസ താരം ടൈഗർ വുഡ്സിനെ വേൾഡ് ഗോൾഫ് ഹാൾ ഒഫ് ഫെയിമിൽ ഉൾപ്പെടുത്തി. 15 മേജർ ഗോൾഫ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് മുൻ ലോക ഒന്നാം നമ്പരായ വുഡ്സ്.

മത്സരമില്ല

അമേരിക്കയിലെ നാഷണൽ അാസ്കറ്റ് ബാൾ ലീഗ് ക്ളബായ ഉട്ടാജാസിന്റെ ഒരു താരത്തിന് കാെറോണ സ്ഥിരീകരിച്ചതിനാൽ ഇൗ സീസണിൽ ഇനിമത്സരങ്ങൾ നടത്തേണ്ടെന്ന് എൻ.ബി.എ തീരുമാനിച്ചു.