തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും നഗരത്തിലെത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇത്തരം കേസുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രഖ്യാപിച്ച ആക്ഷൻ പ്ലാനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസുകൾ പരിശോധിച്ച് ആവശ്യമായവരെ ആശുപത്രിയിലേക്ക് മാറ്റുന്ന നടപടികൾക്ക് നഗരസഭാ ഹെൽത്ത് ഓഫീസർ നേതൃത്വം നൽകും.
ഈമാസം 31 വരെ നീണ്ടു നിൽക്കുന്ന ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പാളയം രാജൻ, എസ്.പുഷ്പലത, വഞ്ചിയൂർ പി.ബാബു, ഐ.പി.ബിനു, എസ്.എസ്.സിന്ധു, കൗൺസിലർമാർ, ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാർ, അഡീഷണൽ ഡി.എം.ഒ ഡോ. ജി.നീനാറാണി, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, നഴ്സറി ടീച്ചർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ
പി.എച്ച്.സി, സി.എച്ച്.സി കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ 10 ശതമാനം വാർഡുകൾ ഐസൊലേഷൻ വാർഡുകളാക്കും.
ആശങ്കകൾ അകറ്റാനും നിർദ്ദേശങ്ങൾ നൽകാനുമായി 24 മണിക്കൂർ കോൾസെന്റർ ( നമ്പർ- 9496434430, 9496434440)
വൈകിട്ട് 5 മണിവരെ നഗരസഭയുടെ പ്രധാന അങ്കണത്തിൽ ഹെൽപ് ഡെസ്‌ക്
ആരോഗ്യവകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ചുമതല ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക്
എൽ.ഇ.ഡി വാൾ, ലഘുലേഖാ വിതരണം, മൈക്ക് അനൗൺസ്‌മെന്റ്, സാമൂഹിക മാദ്ധ്യമങ്ങൾ എന്നിവ വഴി ബോധവൽകരണം.
സോണൽ, സർക്കിൾ ഓഫീസുകൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാനിറ്ററി കിയോസ്‌ക്കുകൾ
സ്ഥാപിക്കും.
അവധി നൽകിയ അംഗൻവാടികളിലെ കുട്ടികൾക്കുള്ള സൗജന്യ റേഷൻ സി.ഡി.പി.ഒ മാർ വഴി ലഭ്യമാക്കും