കല്ലമ്പലം: കോവിഡ് രോഗത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി അതീവ ജാഗ്രത പാലിക്കുന്നതായി പഞ്ചായത്തുകൾ. എന്നാൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാർ അറിയിച്ചു. ഒറ്റൂർ, മണമ്പൂർ, പള്ളിക്കൽ, നാവായിക്കുളം, കരവാരം പഞ്ചായത്തുകളിൽ ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രത്യേക യോഗം കൂടി. സർക്കാർ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വാർഡ്‌ അംഗത്തിന്റെയും ആശാവർക്കർമാരുടെയും സഹകരണത്തോടെ എല്ലാ വീടുകളിലും വിതരണം ചെയ്തു കഴിഞ്ഞു. സർക്കാർ നിർദേശത്തെ തുടർന്ന്‍ പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന ടൂട്ടോറിയലുകൾ, സ്പെഷ്യൽ, കോച്ചിംഗ് ക്ലാസുകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, ജനം കൂടാനിടയുള്ള പൊതു പരിപാടികൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്നും ഒറ്റൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായി ധാരാളം പേർ ദിനംപ്രതി എത്തുന്ന പഞ്ചായത്ത് ഓഫീസുകൾ, ആശുപത്രികൾ എന്നിവ ഇടയ്ക്കിടെ ക്ലീൻ ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും മെഡിക്കൽ ഓഫീസർമാർ നിർദേശിച്ചിട്ടുണ്ട്. ഉത്സവാഘോഷങ്ങളും വിവാഹ പരിപാടികളും ചടങ്ങുകളാക്കി ചുരുക്കാൻ അറിയിച്ചുകൊണ്ടുള്ള നോട്ടീസ് പ്രധാന ആരാധനാലയങ്ങൾക്കും ഓഡിറ്റോറിയങ്ങൾക്കും നൽകി. കോവിഡ് സംബന്ധിച്ച വ്യാജ വാർത്തകൾ ധാരാളം പരക്കുന്ന സാഹചര്യത്തിൽ അത് പ്രചരിപ്പിക്കുകയോ യാഥാർഥ്യം അറിയാതെ അതിന് കൂട്ടുനിൽക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. രോഗം സംശയമുണ്ടെങ്കിൽ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണെന്ന് പള്ളിക്കൽ മെഡിക്കൽ ഓഫീസർ ഡി.ജയറാംദാസ് അറിയിച്ചു.