പാലോട്: 17 അന്തർദേശീയ നീന്തൽ താരങ്ങൾ, നൂറിലധികം ദേശീയ താരങ്ങൾ, 11 അംഗീകൃത പരിശീലകർ, കൂടാതെ കായിക പരിശീലകർക്കുള്ള പരമോന്നത പുരസ്‌കാരമായ ദ്രോണാചാര്യ... പച്ച ക്ഷേത്ര നീന്തൽ പരിശീലന കേന്ദ്രം നാടിന് സമ്മാനിച്ചതാണിത്. ഇതു മാത്രമല്ല പച്ചയെന്ന ചെറുഗ്രാമത്തിൽ നിന്നു മാത്രം നീന്തലിലൂടെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടിയവർ അഞ്ഞൂറിലധികം. ഒരു കാലത്ത് നാടിന്റെ അഭിമാനമായിരുന്ന, കർഷകരും തൊഴിലാളികളും ഏറെയുള്ള ഗ്രാമത്തിന്റെ സമ്പദ് വ്യവസ്ഥ ഉയർത്തിയ നീന്തൽ പരിശീലന കേന്ദ്രം

ഇന്ന് കായികരംഗത്ത് പിന്നോട്ട് കുതിക്കുകയാണ്. ജില്ലാ തലത്തിൽ പോലും സമ്മാനങ്ങൾ നേടാൻ ഇവിടെ പരിശീലനം നേടുന്നവർക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. 2012 മുതൽ 2015 വരെ ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയത് ഇവിടത്തെ കുട്ടികളായിരുന്നു. 2019ൽ 93 പേർ മത്സരിച്ചതിൽ സമ്മാനം നേടിയത് 5 പേർ മാത്രം. രക്ഷാകർത്താക്കൾ സ്‌പോർട്സ് കൗൺസിൽ ഭാരവാഹികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഗ്രേസ് മാർക്ക്, സ്കോളർഷിപ്പ്, അഡ്മിഷനുകൾ, സ്‌പോർട്സ് ഹോസ്റ്റൽ പ്രവേശനം, പി.എസ്.സി ഗ്രേസ് മാർക്ക് തുടങ്ങിയവ ഇന്ന് ഇവിടെ പരിശീലിക്കുന്നവർക്ക് സ്വപ്‌നമായി മാറുകയാണ്. നീന്തൽ പരിശീലനത്തിലുണ്ടായ നിലവാരത്തക‌‌ർച്ചയിൽ നിന്ന് പച്ച ക്ഷേത്ര നീന്തൽ പരിശീലന കേന്ദ്രത്തെ കരകയറ്റണമെന്ന ആവശ്യം ശക്തമാണ്.