മലയിൻകീഴ്:മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ക്ഷേത്ര ചടങ്ങുകൾ മാത്രമാക്കാൻ ഉപദേശകസമിതി വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനിച്ചു.ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.ബി.സതീഷ്.എം.എൽ.എ ഉപദേശക സമിതി സെക്രട്ടറി വി.വി.സുരേഷ് കുമാർ,ജില്ലാപഞ്ചായത്ത് അംഗം വി.ആർ.രമാകുമാരി,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ,മലയിൻകീഴ് സി.ഐ.അനിൽകുമാർ,എസ്.ഐ.സൈജു,ശ്രീകൃഷ്ണപുരം വാർഡ് അംഗം എസ്.ചന്ദ്രശേഖരൻനായർ,ആരോഗ്യവകുപ്പ് ഉദ്ദ്യോഗസ്ഥർ,ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധിപേർ പങ്കെടുത്തു.ക്ഷേത്രത്തിലെ പ്രധാന ഉൽസവമായ ആറാട്ടിന് നാല് ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ പ്രാദേശിക അവധിപ്രഖ്യാപിക്കാറുണ്ട്.നിരവധി പേർ പങ്കെടുക്കുന്ന ആറാട്ടും ഇക്കുറി ക്ഷേത്ര ആചരത്തിലൊതുങ്ങും.ഉത്സവ ദിവസങ്ങളിലെ സ്റ്റേജ് പ്രോഗ്രാമുകളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.കോ-വിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് പരിപാടികൾ.20 നാണ് ആറാട്ട്.ഇന്നലെ നടന്ന തിരുവാഭരണ ഘോഷയാത്ര ഒഴിവാക്കിയിരുന്നു.