shylaja
shylaja

തിരുവനന്തപുരം: കൊറോണയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇനിയും ജനങ്ങളെ അറിയിക്കുമെന്നും, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനത്തിന്റെ

വക്താവ് മാത്രമാണ് താനെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്നലെ നിയമസഭയിൽ പറഞ്ഞു.

കൊറോണ രോഗഭീതി സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയിൽ, തനിക്കതിരായ പ്രതിപക്ഷ ആരോപണങ്ങൾക്കും പരിഹാസങ്ങൾക്കും കുറിക്കു കൊള്ളുന്ന മറുപടി നൽകുകയായിരുന്നു മന്തി.

'ദയവ് ചെയ്ത് പരിഹസിക്കരുത്. ഉത്തരവാദിത്തം വളരെ വലുതാണ്. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളുമെടുത്ത് പ്രയോഗിച്ചാലും ചില പഴുതുകളുണ്ടായെന്നു വരും. അതുണ്ടാകാതിരിക്കാനുള്ള ഭഗീരഥ പ്രയത്നമാണ് സർക്കാർ നടത്തുന്നത്. എന്തെങ്കിലും കുറ്റപ്പെടുത്താനുണ്ടോയെന്ന് കണ്ടുപിടിച്ച് ആക്രമിക്കുന്നത് ഈ സമയത്ത് ശരിയല്ല. അതിന് പിന്നീട് അവസരമുണ്ട്. പ്രശ്നത്തിന്റെ ഗൗരവം പ്രതിപക്ഷം ഉൾക്കൊള്ളണമെന്നാണ് എന്റെ അപേക്ഷ'- മന്ത്രി പറഞ്ഞു.

അനുഭവത്തിന്റെ വെളിച്ചത്തിലുണ്ടാക്കിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കടുത്ത പ്രതിരോധം തീർക്കാനാണ് ശ്രമിക്കുന്നത്. ലോകത്തൊരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിനിടെ ഭരണ- പ്രതിപക്ഷ തർക്കം ഉണ്ടായിട്ടില്ല. എല്ലായിടത്തും വീഴ്ചകൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ,മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ചൈനയിൽ കൂട്ടത്തോടെ ആളുകൾ മരിക്കുന്നത്. അമേരിക്കയിൽ മരണസംഖ്യ 30ലേറെയായി. 118രാജ്യങ്ങളിൽ കൊറോണ ബാധയുണ്ട്. മികച്ച പ്രതിരോധ സംവിധാനങ്ങളുള്ള ബ്രിട്ടണും അമേരിക്കയും രോഗത്തിന്റെ പിടിയിലായി. ആരോഗ്യമന്ത്റിയോ,വകുപ്പോ ഒ​റ്റയ്ക്ക് വിചാരിച്ചാൽ ലോകം മുഴുവൻ വ്യാപിച്ച ഒരു പകർച്ച വ്യാധിയെ നേരിടാൻ കഴിയുമോ? എല്ലാ പഴുതുകളും അടയ്ക്കാൻ പ്രതിപക്ഷത്തിന്റെ സഹകരണം വേണം. തർക്കം പിന്നീടാവാം. ജനങ്ങളെ ഭീതിയിലാക്കാനില്ലാത്തതിനാൽ കൊറോണയുടെ ഭീകരത മുഴുവൻ തുറന്നു പറയുന്നില്ല. വിമാനത്താവളത്തിലെ നിരീക്ഷണം ശക്തമാക്കി ഒന്നാം ഘട്ടം നമ്മൾ സമർത്ഥമായി വിജയിച്ചു. കേന്ദ്രനിയന്ത്രണത്തിലുള്ള വിമാനത്താവളത്തിന് അകത്തുകയറി നമുക്ക് പരിശോധിക്കാനാവില്ല. മാറി നിന്ന് ആക്രമിക്കരുത്. അതിന് വേറെ അവസരമുണ്ട്. അപ്പോൾ കണ്ണും പൂട്ടി അസ്ത്രങ്ങളെയ്യാം- ശക്തമായ ഭാഷയിൽ മന്ത്രി ശൈലജ ഒാർമ്മിപ്പിച്ചു.