വൃക്കരോഗങ്ങൾ പ്രധാനമായും രണ്ടു തരത്തിലുണ്ട്. ഒന്ന് വളരെ പെട്ടെന്ന് സംഭവിക്കുന്ന താത‌്കാലികമായ വൃക്ക സ്തംഭനം, രക്തത്തിലെ അണുബാധ, എലിപ്പനി, വിഷബാധ, സർപ്പദംശനം തുടങ്ങിയവയാണ് ഇതിനുള്ള കാരണങ്ങൾ.
രണ്ടാമത്തേതായ സ്ഥായിയായ വൃക്കസ്തംഭനം എന്നത് നീണ്ട കാലയളവിൽ ക്രമേണയായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയാണ് എഴുപത് ശതമാനത്തിലധികം സ്ഥായിയായ വൃക്ക സ്തംഭനം ഉണ്ടാക്കുന്നത്. വൃക്കകളെ ബാധിക്കാത്ത മറ്റ് അസുഖങ്ങളായ വൃക്ക വീക്കം, മൂത്രാശയ കല്ലുകൾ, പാരമ്പര്യരോഗങ്ങൾ, ചിലതരം മരുന്നുകൾ എന്നിവ ചേർന്ന് ബാക്കി 30 ശതമാനം ഉണ്ടാക്കുന്നു.
കാലുകൾക്കും മുഖത്തും ഉണ്ടാകുന്ന നീരാണ് വൃക്കരോഗത്തിന്റെ സാധാരണയായ ലക്ഷണം. മൂത്രമൊഴിക്കുമ്പോൾ പതഞ്ഞുവരുക, രക്തത്തിന്റെ നിറം കാണുക, രാത്രിയിൽ കൂടുതൽ മൂത്രമൊഴിക്കുക എന്നിവയും ലക്ഷണങ്ങളാണ്. വൃക്കരോഗത്തിന്റെ അന്തിമഘട്ടത്തിൽ ക്ഷീണം, കിതപ്പ്, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, ശരീരം മുഴുവൻ നീരുവരുക, ശ്വാസം മുട്ടുണ്ടാകുക, ചൊറിച്ചിൽ എന്നിവ
കാണുന്നു.
മുകളിൽ പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവർ കൂടാതെ പ്രമേഹം, രക്താതിസമ്മർദ്ദം, അമിതവണ്ണം, കുടുംബപരമായി വൃക്കകളുടെ അസുഖമുള്ളവർ തുടങ്ങിയവരും വൃക്കരോഗം കണ്ടുപിടിക്കുന്നതിന്റെ പ്രാഥമിക പരിശോധനകൾ ചെയ്യേണ്ടതാണ്. പ്രാഥമികമായി രക്തത്തിലെ ക്രിയാറ്റിന്റെ അളവ് മൂത്രത്തിൽ പ്രോട്ടീന്റെയോ രക്താണുക്കളുടെയോ സാന്നിദ്ധ്യം എന്നിവയാണ് പരിശോധിക്കുന്നത്. വൃക്കരോഗം ഉണ്ടെന്ന് മനസിലായാൽ തുടർന്ന് വിദഗ്ദ്ധ രോഗനിർണയത്തിനായി വേണ്ടുന്ന മറ്റു ടെസ്റ്റുകൾ ചെയ്യുന്നു. വയറിന്റെ അൾട്രാസൗണ്ട്, യൂറോഗ്രാഫി, സി.ടി സ്കാൻ, വൃക്കബയോപ്സി എന്നിവ അവയിൽ ചിലതാണ്.
പ്രാഥമികമായി വൃക്കകളെ ബാധിക്കുന്ന ഗ്ളോമറുലോ നെഫ്രേറ്റിക് വിഭാഗങ്ങളിൽ പെടുന്ന രോഗങ്ങൾക്ക് കിഡ്‌നി ബയോപ്സി ചെയ്ത് വ്യക്തമായി രോഗം നിർണയിച്ച് അവയ്ക്കുള്ള പ്രത്യേകമായ ചികിത്സ ചെയ്യുന്നു. എഴുപത് ശതമാനത്തിന്റെയും സ്ഥായിയായ വൃക്കരോഗങ്ങൾ ഉണ്ടാകുന്നത് ജീവിതശൈലീ രോഗങ്ങൾ കൊണ്ടാണ്. അതിനാൽ അവ വരാതിരിക്കാൻ വേണ്ടി ആരോഗ്യകരമായ ഭക്ഷണശൈലി, കൃത്യമായ വ്യായാമം എന്നിവ ശീലിക്കുക. ഇനി അഥവാ പ്രമേഹമോ രക്താതിസമ്മർദ്ദമോ വന്നുപോയാൽ അവ യഥാവിധി മരുന്നുകൾ കഴിച്ച് നിയന്ത്രണവിധേയമാക്കേണ്ടതാണ്. വൃക്കരോഗം അന്തിമഘട്ടത്തിലാണെങ്കിൽ ഡയാലിസിസിനെപ്പറ്റിയോ, വൃക്ക മാറ്റിവയ്ക്കലിനെപ്പറ്റിയോ ചിന്തിക്കേണ്ടതും അവ യഥാസമയത്ത് നടത്തേണ്ടതുമാണ്.
ഡോ. വിഷ്ണു ആർ.എസ്.
കൺസൽട്ടന്റ് നെഫ്രോളജിസ്റ്റ്,
എസ്.യു.ടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
ഫോൺ: 0471 407 7777.