നോക്കുകൂലി എന്ന കാടത്തം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണെങ്കിലും സംസ്ഥാനത്തെമ്പാടും അതു നിലനിൽക്കുകയാണ്. അല്ലറചില്ലറ വ്യത്യാസങ്ങളുണ്ടെന്നു മാത്രം. ഓരോ ഇനം സാധനത്തിന്റെയും കയറ്റുകൂലിയും ഇറക്കുകൂലിയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് അതനുസരിച്ചു കൂലി നൽകിയാൽ മതിയെന്നാണ് സങ്കല്പം. എന്നാൽ നിയമം പ്രാബല്യത്തിലിരിക്കെ തന്നെ തൊഴിലാളികൾ ആവശ്യപ്പെടുന്ന തുക തന്നെ നൽകേണ്ടിവരുന്നതാണ് പൊതുവേയുള്ള അനുഭവം. നിയമം ചൂണ്ടിക്കാട്ടി എതിർക്കാൻ ശ്രമിച്ചാൽ ഉണ്ടാകാനിടയുള്ള മാനഹാനിയും കൂടുതൽ ധനനഷ്ടവും ഒഴിവാക്കാൻ സംഘടിത ശക്തികൾക്കു വഴങ്ങുകയല്ലാതെ വേറെ വഴയില്ലെന്നു കരുതുന്നവരാണ് അധികവും.
കൊല്ലം തോട് നവീകരണത്തിനു വേണ്ടി കൊണ്ടുവന്ന കോൺക്രീറ്റ് തൂണുകൾ ലോറിയിൽ നിന്ന് ഇറക്കുന്നതിനെച്ചൊല്ലി ഉണ്ടായ കശപിശയും ഗത്യന്തരമില്ലാതെ ഒടുവിൽ ലോറി തിരിച്ചു കൊണ്ടുപോയതും നോക്കുകൂലി എന്ന അപരിഷ്കൃത സമ്പ്രദായം ഇപ്പോഴും എത്ര പ്രബലമാണെന്നു തെളിയിക്കുന്നു. രണ്ടു ടണ്ണോളം ഭാരം വരുന്ന തൂണുകൾ ചുമട്ടുതൊഴിലാളികൾക്ക് ചുമന്ന് ഇറക്കാനാവില്ല. അതുകൊണ്ടാണ് അധികൃതർ ക്രെയിൻ സഹായം തേടിയത്. ക്രെയിൻ ഉപയോഗിച്ച് അനായാസം തൂണുകൾ ലോറിയിൽ നിന്നിറക്കി തോട്ടിൽ ആവശ്യമായ ഇടങ്ങളിൽ സ്ഥാപിക്കാനാകുമായിരുന്നു. എന്നാൽ ലോറി എത്തിയതിനൊപ്പം തൊഴിലാളികളും അവിടെ എത്തി. ക്രെയിൻ ഉപയോഗിച്ച് തൂണുകൾ ഇറക്കിയാലും തങ്ങൾക്ക് ഓരോ ലക്ഷം രൂപ നോക്കുകൂലിയായി ലഭിച്ചേ മതിയാകൂ എന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയുടെ യൂണിയനായ സി.ഐ.ടി.യുവിലും മുഖ്യ പ്രതിപക്ഷ കക്ഷിയുടെ ഐ.എൻ.ടി.യു.സിയിലും പെട്ട തൊഴിലാളികളാണ് നോക്കുകൂലിക്കായി വാദിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ രംഗത്തുനിന്ന് പിൻവാങ്ങിയ തൊഴിലാളികൾ പൊലീസ് പോയതോടെ വീണ്ടും വന്ന് പഴയ നിലപാട് ആവർത്തിച്ചു. തുടർന്നാണ് തൂണുകൾ കയറ്റിവന്ന ലോറി മടങ്ങിപ്പോയത്. ക്രെയിൻ ഉപയോഗിക്കുന്നതിലൂടെ തങ്ങൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടത്തിന് നഷ്ടപരിഹാരമെന്ന നിലയ്ക്കാണ് കൂലി ആവശ്യപ്പെട്ടതെന്നാണ് യൂണിയനുകളുടെ നിലപാട്. ഭാരമേറിയ തൂണുകൾ തൊഴിലാളികൾക്ക് യന്ത്രസഹായമില്ലാതെ ഇറക്കാനാവുകയില്ലെന്നത് മറ്റൊരു കാര്യം. നോക്കി നിന്നാലും കൂലി കിട്ടണമെന്നാണ് വാദം. ഇത്തരം സന്ദർഭങ്ങളിൽ അനുരഞ്ജനത്തിലൂടെ ഒരു തുക നൽകി ഒത്തുതീർപ്പുണ്ടാക്കുകയാണ് സാധാരണ പതിവ്. ഭീമമായ സംഖ്യ നോക്കുകൂലിയായി ആവശ്യപ്പെട്ട കൊല്ലത്തെ തൊഴിലാളി യൂണിയനുകൾ നല്ല മാതൃകയാണ് കാഴ്ചവച്ചതെന്ന് ആരും പറയുകയില്ല. സംസ്ഥാനത്തിന് ഈ രംഗത്ത് പണ്ടേയുള്ള ദുഷ്പ്പേര് ഒന്നുകൂടി ശക്തിപ്പെടുത്താനേ കൊല്ലം സംഭവം ഉപകരിച്ചിട്ടുള്ളൂ.
നോക്കുകൂലി ആവശ്യപ്പെടാനോ വാങ്ങാനോ പാടില്ലെന്ന് നിയമമുള്ളപ്പോൾ പരസ്യമായിത്തന്നെ അതു ലംഘിക്കാൻ മുതിരുന്നവർ വരും വരായ്കകൾ അറിഞ്ഞുകൊണ്ടു തന്നെയാകണം അതിനിറങ്ങുന്നത്. കൊല്ലം തോട് നവീകരണം ഒരു സർക്കാർ പദ്ധതിയായതുകൊണ്ടാണ് കരാറുകാരൻ നോക്കുകൂലി നൽകാൻ വിസമ്മതിച്ച് ലോറി തിരികെ കൊണ്ടുപോയത്. സ്വകാര്യ വ്യക്തികളായിരുന്നുവെങ്കിൽ എന്തു വിട്ടുവീഴ്ച ചെയ്തും തൂണുകൾ ഇറക്കേണ്ടിവന്നേനെ. നോക്കുകൂലി നിയമവിരുദ്ധമായിട്ടും സാർവത്രികമായി അതു പ്രയോഗത്തിലുണ്ടെന്നത് രഹസ്യമൊന്നുമല്ല. സർക്കാരിന്റെ തന്നെ പല വകുപ്പുകളും അതിന്റെ കെടുതി നേരിട്ടിട്ടുള്ളതുമാണ്. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നത് അപരിഷ്കൃതമായ നടപടിയായതിനാൽ തൊഴിലാളി യൂണിയനുകൾ ആ ദുഷ്പ്രവണതയിൽ നിന്നു പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ആ ദുഷ്പ്രവണത വലിയ മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നുവെങ്കിൽ അതിനു പിന്നിൽ തീർച്ചയായും ആരുടെയൊക്കെയോ രക്ഷാകവചം കാണും. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് തൊഴിലാളികളും മാറാത്തതിന്റെ ന്യൂനതയാണിത്. ചരക്ക് ഇറക്കുന്നതിന്റെ പേരിൽ ഭീഷണിപ്പെടുത്തി അമിത കൂലി ഈടാക്കുന്നത് ഒരു തരത്തിലുള്ള കവർച്ച തന്നെയാണ്. അതിലേറെ അപലപനീയമാണ് പണി ചെയ്യാതെ തന്നെ അതു കണ്ടുനിന്നതിന്റെ പേരിൽ ഈടാക്കുന്ന നോക്കുകൂലി. യൂണിയൻ നേതൃത്വവും പാർട്ടി നേതൃത്വവുമൊന്നും അറിയാതെയാകില്ല ചുമട്ടുതൊഴിലാളി മേഖലയിലെ ഈ ദുഷ്പ്രവണതകൾ. നിക്ഷേപകരെ കേരളത്തിൽ നിന്ന് അകറ്റിനിറുത്തിയതിൽ തൊഴിലാളി സംഘടനകൾക്കുള്ള പങ്ക് ഏറെ പറഞ്ഞുകേട്ടിട്ടുള്ളതാണ്. ഇപ്പോൾ വലിയ മാറ്റം വന്നിട്ടുണ്ടെങ്കിലും നോക്കുകൂലി പോലുള്ള തിന്മകൾ നിലനിൽക്കുകയാണ്. അതിനെതിരെ ശബ്ദമുയർത്തേണ്ടതും ഇല്ലാതാക്കേണ്ടതും യൂണിയനുകളുടെ നേതൃത്വങ്ങൾ തന്നെയാണ്. നിയമത്തിനും സദാചാരത്തിനും നിരക്കാത്ത സംഭവമുണ്ടാകുമ്പോൾ ഒന്നും അറിഞ്ഞില്ല, കേട്ടില്ല എന്നു പറഞ്ഞ് കൈകഴുകാൻ ശ്രമിക്കാതെ പ്രശ്നത്തിൽ ഇടപെട്ട് തെറ്റ് തിരുത്തിക്കാനാണു ശ്രമിക്കേണ്ടത്.