ഇംഗ്ലണ്ടിലെ വെസ്‌റ്റ് ഡോർസെറ്റിലുള്ള ഒരു ചെറുഗ്രാമമാണ് ബെറ്റിസ്കോമ്പ്. ഇവിടുത്തെ ഒരു മാടമ്പി ഭവനമാണ് ' ബെറ്റിസ്കോമ്പ് മാനർ'. ' അലറുന്ന തലയോട്ടിയുടെ വീട് ' എന്നാണ് ഈ ബംഗ്ലാവ് അറിയപ്പെടുന്നത്. ഒരു ജമൈക്കൻ അടിമയുടേതെന്ന് കരുതുന്ന ഒരു തലയോട്ടി നൂറ്റാണ്ടുകളായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. 17ാം നൂറ്റാണ്ടിൽ ജോൺ ഫ്രെഡറിക് പിന്നി എന്ന പ്രഭു നീവിസ് ദ്വീപ് സന്ദർശിച്ച ശേഷം അവിടെ നിന്നും ഒരു ജമൈക്കൻ അടിമയുമായി ബെറ്റിസ്കോമ്പ് മാനറിൽ തിരികെയെത്തി. യജമാനൻ പറയുന്നതെന്തും അനുസരിച്ച് ജീവിച്ച ആളായിരുന്നു അയാൾ.
എന്നാൽ അധികം വൈകാതെ തന്നെ അടിമ ക്ഷയരോഗം ബാധിച്ച് മരിച്ചു. മരിക്കുന്നതിന് മുമ്പ് അടിമ പ്രഭുവിനോട് തന്റെ മൃതദേഹം ജന്മനാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൃതദേഹം തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് ഓർത്ത് പ്രഭു അടുത്തുള്ള സെന്റ് സ്‌റ്റീഫൻ ചർച്ചിലെ സെമിത്തേരിയിൽ അടിമയുടെ മൃതദേഹം അടക്കം ചെയ്‌തു. സംസ്‌കാരത്തിന് ശേഷം സെമിത്തേരിയിൽ നിന്നും നിലവിളികളും അലർച്ചകളും മറ്റും ഗ്രാമീണർ കേൾക്കാൻ തുടങ്ങിയത്രെ. ഗ്രാമത്തിൽ അശുഭകാര്യങ്ങൾ ഉണ്ടാവുകയും ചെയ്‌തു. പ്രഭുവിന്റെ ബംഗ്ലാവിൽ നടന്നതും ഭയാനകമായ സംഭവവികാസങ്ങളായിരുന്നു. കതകുകളും ജനാലകളും താനേ തുറക്കുകയും അടയുകയും ചെയ്യാൻ തുടങ്ങി. മാസങ്ങളോളം ഇത് നീണ്ടു നിന്നു. ഒടുവിൽ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമീണർ എല്ലാവരും ചേർന്ന് പ്രഭുവിനെ സമീപിച്ചു.
പ്രഭു അടിമയുടെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് തന്റെ ബംഗ്ലാവിലെത്തിക്കുകയും അവിടെ സൂക്ഷിക്കുകയും ചെയ്തു. മൃതദേഹം ജീർണിക്കാൻ തുടങ്ങുകയും ഒടുവിൽ തലയോട്ടി മാത്രം അവശേഷിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി ഈ തലയോട്ടി ബെറ്റിസ്കോമ്പ് മാനറിലുണ്ട്. ബംഗ്ലാവിൽ നിന്നും മാറ്റാൻ തുനിയുകയാണെങ്കിൽ ഈ തലയോട്ടി തന്റെ ഭീകരമായ അലറൽ തുടങ്ങുമെന്നും ബംഗ്ലാവിൽ വീണ്ടും അസ്വഭാവിക സംഭവവികാസങ്ങൾ ഉണ്ടാവുമെന്നുമാണ് ഐതിഹ്യം. 1963ൽ ഒരു ബ്രിട്ടീഷ് ഗവേഷകൻ തലയോട്ടി ഒരു കറുത്ത വംശജനായ അടിമയുടേതല്ലെന്നും മറിച്ച് 20നും 30നും ഇടയിൽ പ്രായമുള്ള ഒരു യൂറോപ്യൻ സ്ത്രീയുടേതാണെന്നും പറയുകയുണ്ടായി.