കോവിഡിന് സ്തുതി! നിയമസഭയുടെ സമ്പൂർണ ബഡ്ജറ്റ് സമ്മേളനം അങ്ങനെ പാതിവഴിക്ക് പിരിഞ്ഞു. കോവിഡിനെ പേടിച്ച് ഇല്ലം ചുടുന്ന ഭരണപക്ഷ ഏർപ്പാട് എന്ന് പ്രതിപക്ഷം സ്വാഭാവികമായി ചിന്തിച്ചു. അതുകൊണ്ട് സഭാസമ്മേളനം പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് അവർ ബഹിഷ്കരിച്ചു. ഈ രക്തത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബോധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ.
നാടാകെ കൊറോണപ്പേടിയിൽ നിൽക്കുമ്പോൾ നിയമസഭ ചേരുന്നത് ശരിയല്ലെന്ന ബോദ്ധ്യമാണ് മുഖ്യമന്ത്രി പിണറായി വിജയനെ നയിക്കുന്നത്. അതുകൊണ്ട് അടുത്ത മാസം എട്ട് വരെ ചേരാനിരുന്ന സമ്മേളനത്തിൽ ധനാഭ്യർത്ഥനകളെയെല്ലാം ഒറ്റയടിക്ക് ശിരച്ഛേദം ചെയ്ത് (ഗില്ലറ്റിൻ) സമ്മേളനം അവസാനിപ്പിച്ച് കൊറോണ വൈറസിന് ഒരുതരത്തിലും പിടികൊടുക്കാതിരിക്കാൻ അദ്ദേഹം ശ്രമിച്ചു. ധനാഭ്യർത്ഥനകളെയെങ്ങാനും വൈറസ് പിടികൂടിയാൽ പിന്നെ വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ! വൈറസ് പിടിക്കുന്നതിലും നല്ലത് നമ്മൾ തന്നെ കൊല്ലുകയാണ് ! പ്രതിപക്ഷത്തെ കെ.എൻ.എ. ഖാദർ സ്പീക്കർക്ക് കൊടുത്തൊരു കത്ത് മുഖ്യമന്ത്രിക്ക് എന്തുകൊണ്ടും മികച്ച ആയുധമായി. പ്രതിപക്ഷനേതാവിനെ ഇക്കാര്യമറിയിച്ചപ്പോഴെല്ലാം, 'സമയമായില്ല പോലും' എന്ന തത്വചിന്താപരമായ മറുപടി അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്നത് എന്നതിനാലാണ് സഭയെയും ബഡ്ജറ്റിനെയും രക്ഷിക്കാനുള്ള കടുംകൈക്ക് മുഖ്യമന്ത്രി നിർബന്ധിതനായത്. സാഹചര്യമാണല്ലോ ഒരാളെ കൊലയാളിയാക്കുന്നത് !
ദയവായി ധനാഭ്യർത്ഥനകളെ കൊല്ലരുത്, നാല് മാസത്തെ വോട്ട് ഓൺ അക്കൗണ്ട് തൽക്കാലം പാസാക്കി പിരിയാം എന്നെല്ലാം എം.ഉമ്മറും കെ.സി. ജോസഫും പി.ടി.തോമസും തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞുനോക്കി. ഇത് തികഞ്ഞ ഏകാധിപത്യമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തലയിൽ കൈവച്ച് പറഞ്ഞത്. ഒരു കോവിഡും ഇല്ലാതിരുന്ന 2013 മാർച്ചിൽ സകല ധനാഭ്യർത്ഥനകളെയും ഗില്ലറ്റിൻ ചെയ്തില്ലേയെന്ന് മന്ത്രി എ.കെ. ബാലൻ തിരിച്ചുചോദിച്ചു.
കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള എളുപ്പവഴി തേടി എം.കെ.മുനീറും മറ്റും കൊണ്ടുവന്ന അടിയന്തരപ്രമേയം ചൂടോടെ ചർച്ചയ്ക്കെടുക്കാൻ സർക്കാർ തയാറായി. പക്ഷേ യഥാർത്ഥ വൈറസിനെ കണ്ടുപിടിച്ചത് മന്ത്രി ശൈലജയോ അതോ പ്രതിപക്ഷമോ എന്ന തർക്കം തർക്കമായി തന്നെ തുടരുന്നു. സോഷ്യൽമീഡിയയിലൂടെ തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫോഡെമിക്സ് ബാധ ആരോഗ്യമന്ത്രിയെ പിടികൂടിയിരിക്കുകയാണെന്ന് അദ്ദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം സഭയിൽ മന്ത്രി രോഷം പൂണ്ടത് ഉറക്കമിളച്ചതിന്റെ അസ്വസ്ഥതയാലാണെന്ന് തിരിച്ചറിഞ്ഞ മുനീർ അതിനാൽ ഉപദേശിച്ചു: ടീച്ചർ ഉറങ്ങണം. എല്ലാവരെയും വെറുക്കുകയും കുഴപ്പം കാട്ടുന്നവരാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്ന സിനോഫോബിയയും മന്ത്രിയിൽ മുനീർ കണ്ടെത്തി.
ജനങ്ങൾക്കെതിരെ മൂന്നാം ലോകമഹായുദ്ധം നയിക്കുന്ന വൈറസിനെ കീഴ്പ്പെടുത്താൻ കേരളം കാണിക്കുന്ന മാതൃകയെ ഓർത്ത് രാജു എബ്രഹാം പുളകം കൊണ്ടു. ആരോഗ്യമന്ത്രിക്ക് മീഡിയമാനിയയെന്ന് പറഞ്ഞ പ്രതിപക്ഷനേതാവിനെ നോക്കി ചിറ്റയം ഗോപകുമാർ പറഞ്ഞു: ഏറ്റവുമധികം മീഡിയ മാനിയ ആർക്കെന്ന് എല്ലാവർക്കുമറിയാം. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമ്പോൾ നിയമസഭയിൽ വിഭാഗീയതയുടെ സ്വരമുയരുന്നതിൽ മാത്യു. ടി.തോമസ് ദു:ഖിതനായിരുന്നു. സർക്കാർ ചെയ്യാത്തത് ആർജവത്തോടെ പറയുമ്പോഴാണ് പ്രതിപക്ഷലക്ഷ്യം നിറവേറ്റപ്പെടുന്നതെന്നാണ് ശബരീനാഥന്റെ വിലയിരുത്തൽ. വൈറസിനേക്കാൾ മാരകവിഷം തലയിൽകേറിയ കോൺഗ്രസുകാരെ കണ്ടത് സജി ചെറിയാനാണെങ്കിൽ അസൂയയുടെ വൈറസിനെ പ്രതിപക്ഷനിരയിൽ ദർശിച്ചത് വീണ ജോർജാണ്. തർക്ക-വിതർക്കങ്ങളെല്ലാം കേട്ടപ്പോൾ ഒ. രാജഗോപാലിന് തോന്നിയത് ഇത്രമാത്രം: പകർച്ചവ്യാധിക്ക് ഉത്തരവാദി ഇവിടെയിരിക്കുന്ന ആരുമല്ല !
ദേവേന്ദ്രന്റെ കഥ പറഞ്ഞ് പ്രതിപക്ഷനേതാവിനെ കഴിഞ്ഞദിവസം കുടഞ്ഞ മുഖ്യമന്ത്രിയോട് ചെന്നിത്തല ഹിരണ്യകശിപുവിനെ കൂടി ഓർക്കാൻ ഉപദേശിക്കുകയുണ്ടായി. ആക്രമിക്കാനെന്തെല്ലാം കാരണങ്ങളുണ്ട്, നിയമസഭയിൽ യുദ്ധം പ്രഖ്യാപിക്കേണ്ട സമയമാണോ ഇത് എന്ന് പ്രതിപക്ഷത്തോട് നീട്ടിച്ചോദിച്ച് ആരോഗ്യമന്ത്രി തികഞ്ഞ സാത്വികഭാവം പ്രകടമാക്കി.