നെയ്യാറ്റിൻകര: വ്യാപാരി വ്യവസായി ഏകോപനസമിതി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര നഗരസഭയിലേക്ക് പ്രകടനം നടത്തി. പാതയോരങ്ങളിലെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ മറവിൽ കച്ചവട സ്ഥാപനങ്ങൾക്കു മുൻപിലെ ബോർഡുകൾ എടുത്ത് മാറ്റിയതായി ആരോപിച്ചാണ് പ്രകടനം നടത്തിയത്. എടുത്ത് കൊണ്ട്പോയ ബോർഡുകൾ തിരികെ ചോദിച്ചപ്പോൾ അമിതമായ ഫൈൻ ആവശ്യപ്പെടുകയാണെന്നും ഇത് ചോദ്യം ചെയ്ത യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷിനെതിരെ കള്ളക്കേസ് എടുപ്പിച്ചതായും വ്യാപാരികൾ പറഞ്ഞു. തട്ടുകടകളെ പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ടൗൺ ചുറ്റി നടത്തിയ പ്രകടനം മഞ്ചത്തല സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആന്റണി അലൻ അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ ഹരികുമാർ, ബാബു.എസ്.നായർ, സതീഷ് ശങ്കർ, ശ്രീധരൻനായർ, വേണുഗോപാലൻനായർ, എ.സി.സതീഷ്, ശബരീനാഥ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കെ.പി. ഉദയകുമാർ, എ. ദാവൂദ്, വിജയൻ, മുരുകൻ, ശ്രീകുമാർ പരമേശ്വരൻ നായർ, എസ്.എം. മോഹനൻ, വിനു, സോമശേഖരൻനായർ, സുരേഷ് എന്നിവർ നേതൃത്വം നൽകി.