പ്രതിപക്ഷം ബഹിഷ്കരിച്ചു
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് ബഡ്ജറ്റ് ചർച്ചചെയ്യാതെ ഒറ്റയടിക്ക് പാസാക്കി (ഗില്ലറ്റിൻ) നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് കാര്യോപദേശകസമിതി ചേർന്ന് സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിക്കുകയായിരുന്നു. സമിതിയിൽ വിയോജിപ്പ് അറിയിച്ച പ്രതിപക്ഷം, സഭയിൽ പ്രതിഷേധമുയർത്തി സമ്മേളനം ബഹിഷ്കരിച്ചു.
ശൂന്യവേളയിൽ കാര്യോപദേശകസമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. നാലു മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി തൽക്കാലം പിരിയുന്നതിൽ തെറ്റില്ലെന്നും പിന്നീട് സമ്മേളിച്ച് വകുപ്പ് തിരിച്ചുള്ള ധനാഭ്യർത്ഥന ചർച്ച നടത്തണമെന്നും പ്രതിപക്ഷത്തുനിന്ന് ഭേദഗതികളവതരിപ്പിച്ച എം. ഉമ്മർ, കെ.സി. ജോസഫ്, പി.ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. വകുപ്പുതിരിച്ചുള്ള ചർച്ചയ്ക്ക് അവസരം കിട്ടുന്ന നടപ്പുസഭയുടെ അവസാനത്തെ സമ്മേളനമാണിതെന്ന് അവർ ചൂണ്ടിക്കാട്ടി. കൊറോണയുടെ പേര് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടരുത്. ഗില്ലറ്റിൻ ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും.
സഭ താൽക്കാലികമായി നിറുത്തുന്നതിനോട് വിയോജിപ്പില്ലെങ്കിലും ഒന്നും ചർച്ച ചെയ്യേണ്ട എന്ന നിലപാട് ജനാധിപത്യവിരുദ്ധവും ഏകാധിപത്യവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഗില്ലറ്റിൻ പുതിയ കീഴ്‌വഴക്കമല്ലെന്നും 2013ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എല്ലാ ധനാഭ്യർത്ഥനകളും ഗില്ലറ്റിൻ ചെയ്തിട്ടുണ്ടെന്നും അന്നൊരു കൊറോണയും ഉണ്ടായിരുന്നില്ലെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
മഹാമാരിയുടെ പശ്ചാത്തലത്തിൽ സഭ തുടരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ കീഴ്‌വഴക്കം ഇക്കാര്യത്തിലില്ല. സഭ തുടരുന്നത് ശരിയല്ലെന്ന് സ്പീക്കർക്ക് കെ.എൻ.എ. ഖാദർ കത്ത് നൽകുകയും പി.സി. ജോർജ് സഭയിലുന്നയിക്കുകയും ചെയ്തു. നാടിന്റെ പല ഭാഗങ്ങളിലും ഈ ആവശ്യം ഉയരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സമ്മേളിക്കുന്നത് കേരളനിയമസഭയാണെന്നും ഇത് റെക്കോഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി സഭ ബഹിഷ്കരിച്ചു. തുടർന്ന് അവശേഷിച്ച 25 വകുപ്പുകളിലേക്കുള്ള ധനാഭ്യർത്ഥനകൾ ഒറ്റയടിക്ക് പാസാക്കി. 12 ധനാഭ്യർത്ഥനകൾ നേരത്തേ ചർച്ചചെയ്ത് പാസാക്കിയിരുന്നു. ധനവിനിയോഗ ബില്ലും അംഗീകരിച്ചു. ധനകാര്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് ധനകാര്യബിൽ അവതരിപ്പിച്ചു. ഇത് അടുത്ത 120 ദിവസത്തിനകം സഭ അംഗീകരിച്ചാൽ മതി.