തിരുവനന്തപുരം: കൊറോണ നിരീക്ഷണത്തിലുള്ളവരുടെ കാര്യത്തിൽ സർക്കാരിന് ഗുരുതര പിഴവുണ്ടായെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. ഇറ്റലിയിൽ നിന്ന് 11ന് എത്തിയ തിരുവനന്തപുരം വെള്ളനാട് സ്വദേശിയുടെ രക്ത സാമ്പിൾ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ശേഖരിച്ച ശേഷം ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയില്ല. ഇതേത്തുടർന്ന് അദ്ദേഹത്തിന് ആട്ടോറിക്ഷയിൽ കയറി വെള്ളനാട്ടുള്ള വീട്ടിലേക്കു പോകേണ്ടി വന്നതായി പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തിന് വെള്ളം പോലും നൽകാത്തതിനെ തുടർന്നു ദാഹം കലശലായപ്പോൾ സമീപത്തെ കടയിൽ നിന്ന് ജ്യൂസ് കുടിക്കേണ്ടി വന്നു. ഇറ്റലിയിൽ നിന്നു മടങ്ങിയെത്തുന്നവരെ ക്വാറന്റൈൻ ചെയ്യണമെന്ന് കഴിഞ്ഞ മാസം 26നു കേന്ദ്ര സർക്കാരിൽ നിന്നു സംസ്ഥാന സർക്കാരിന് അറിയിപ്പു ലഭിച്ചിരുന്നു. എന്നാൽ, ഇതു പാലിക്കാതിരുന്നതാണ് രോഗപ്പകർച്ചയ്ക്ക് ഇടയാക്കിയതെന്ന് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ ഡോ. എം.കെ. മുനീർ ആരോപിച്ചു.
ഇറ്റലിയിൽ നിന്നു 11നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വെള്ളനാട് സ്വദേശി, വിമാനത്താവളത്തിൽ ഇറ്റലിയിൽ നിന്നാണ് എത്തിയതെന്ന് അറിയിച്ചെങ്കിലും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നുവെന്നു കെ.എസ്. ശബരീനാഥൻ പറഞ്ഞു. പിന്നീട് ആട്ടോറിക്ഷയിൽ കയറി വീട്ടിലെത്തി. പഞ്ചായത്ത് അംഗം ഇടപെട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ ആംബുലൻസിൽ അയച്ചത്. എന്നാൽ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, സാമ്പിൾ ശേഖരിച്ച ശേഷം ആംബുലൻസ് ലഭ്യമാക്കിയില്ല. പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവായ ശേഷമാണു പിന്നീട് ജില്ലാ മെഡിക്കൽ ഓഫീസർ ഇദ്ദേഹത്തെ തിരക്കിയതെന്നും ശബരീനാഥൻ പറഞ്ഞു.
ഇറ്റലിയിൽ നിന്നുള്ള വലിയ സംഘം കൊച്ചിയിൽ കപ്പിലിറങ്ങി, ഷോപ്പിംഗ് നടത്തി മടങ്ങി. സാധാരണ പനിയാണോ കൊറോണയാണോ എന്നു നിർണയിക്കാൻ കഴിയുന്ന വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും മുനീർ ആവശ്യപ്പെട്ടു. സർക്കാരിന് മംഗളപത്രമെഴുതുകയല്ല പ്രതിപക്ഷത്തിന്റെ ജോലിയെന്നും, പാളിച്ചകൾ ഇനിയും തുറന്നു കാട്ടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.