വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് മടക്കി നൽകി ബസ് കണ്ടക്ടറും ഡ്രൈവറും സത്യസന്ധതയുടെ മാതൃകയായി. കഴിഞ്ഞ ദിവസം രാവിലെ 9ന് തിരുവനന്തപുരത്തു നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസിലെ തമിഴ്‍നാട് കന്യാകുമാരി സ്വദേശിയായ മഹേഷിന്റെ 23,500 രൂപയടങ്ങിയ പേഴ്‌സ് നഷ്ടപ്പെടുകയായിരുന്നു. ബസിൽ നിന്നും പേഴ്‌സ് ലഭിച്ച കണ്ടക്ടർ ജിന, ഡ്രൈവർ വർഗീസ് എന്നിവർ ചേർന്ന് പേഴ്സ് വെഞ്ഞാറമൂട് പൊലീസിൽ ഏൽപ്പിച്ചു. പേഴ്സിൽ നിന്നു ലഭിച്ച വിലാസത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ എത്തിയ മഹേഷിന് സബ് ഇൻസ്പക്ടർ കെ.വി. ബിനീഷ് ലാൽ പണം കൈമാറുകയായിരുന്നു.