നെയ്യാറ്റിൻകര: ജി.പി.എസ് സംവിധാനം ഘടിപ്പിക്കാത്ത ലോറികൾ നിരത്തിലിറങ്ങാത്തത് കാരണം നെയ്യാറ്റിൻകര താലൂക്കിലെ റേഷൻ വിതരണം താറുമാറായി. പൊതുവിതരണ വകുപ്പിന്റെ അമരവിള,പള്ളിച്ചൽ, വഴിമുക്ക് എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ നിന്നുള്ള ധാന്യ വിതരണമാണ് മുടങ്ങിയത്. ഇതുകാരണം നെയ്യാറ്റിൻകര താലൂക്കിലെ ഈ മാസത്തെ മുഴുവൻ റേഷൻ വിതരണവും മുടങ്ങിയിരിക്കുകയാണ്.
പൊതുവിതരണ രംഗം ബയോമോട്രിക് സംവിധാനത്തിലേക്ക് മാറിയെങ്കിലും താലൂക്കിലെ ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ലോറികളിൽ ഇതുവരെ ജി.പി.എസ് ഘടിപ്പിച്ചിട്ടില്ല. റേഷൻ സാധനങ്ങൾ കടകളിലെത്തിക്കുന്നതിന് ഓരോ വർഷവും ലോറി ഉടമകൾ കരാറെടുക്കാറുണ്ട്. ഒരു ലോറി ഉടമയും വാഹനത്തിൽ ജി.പി.എസ് ഘടിപ്പിച്ചിട്ടില്ല. ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ ഏതെല്ലാം റേഷൻകടകളിലാണ് കൊണ്ടുപോകുന്നതെന്നും ലോറികളുടെ റൂട്ട് നിരീക്ഷിക്കാനും ഇതിലൂടെ കഴിയുമായിരുന്നു. ഇതുസംബന്ധിച്ച് പരാതി വ്യാപകമായതോടെ ലോറികളിൽ ജി.പി.എസ് സംവിധാനമില്ലാതെ റേഷൻ സാധനങ്ങൾ കൊണ്ടു പോകരുതെന്ന് പൊതുവിതരണവകുപ്പ് സർക്കുലർ ഇറക്കി. ഇതോടെയാണ് ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യധാന്യം റേഷൻകടകളിലെത്തിക്കാൻ കഴിയാതായത്. നെയ്യാറ്റിൻകര താലൂക്കിൽ നാന്നൂറിലേറെ റേഷൻ കടകളാണുള്ളത്. അമരവിള,പള്ളിച്ചൽ,വഴിമുക്ക് ഗോഡൗണുകളിൽ നിന്നാണ് താലൂക്കിലെ റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യം എത്തിക്കുന്നത്.റേഷൻ വിതരണം മുടങ്ങിയതോടെ സാധാരണക്കാരായ ഉപഭോക്താക്കൾ ദുരിതത്തിലായിരിക്കുകയാണ്. അതേ സമയം ഇന്നലെ മുതൽ ഏതാനും ലോറികളിൽ സാധനങ്ങൾ എത്തിച്ചു തുടങ്ങിയതായി ഉദ്യോഗസ്ഥർ പറയുന്നു.
ഗോഡൗണുകളിൽ നിന്നുള്ള ഭക്ഷ്യധാന്യ വിതരണം സാധാരണ നിലയിലാക്കണം
തിരുപുറം ശ്രീകുമാർ (കേരള സ്റ്റേറ്റ് റീട്ടെയിലർ റേഷൻ ഡീലേഴ്സ് അസോ. താലൂക്ക് പ്രസിഡന്റ് ) മംഗലത്തുക്കോണം മോഹനൻ (ജനറൽ സെക്രട്ടറി).