mar13a

ആ​റ്റിങ്ങൽ: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും ഇളമ്പ വില്ലേജോഫീസിലേയ്ക്കാവശ്യമായ തസ്തികകൾ അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.

ധനകാര്യ വകുപ്പിന്റെ എതിർപ്പാണ് തസ്തിക സൃഷ്ടിക്കുന്നതിന് തടസമെന്നാണ് അറിയുന്നത്. ജീവനക്കാരെ താലൂക്കാഫീസിൽ നിന്ന് ക്രമീകരിച്ചാണ് ഈ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാകുകയാണ്. കെട്ടിടം പണികഴിഞ്ഞ് വളരെ കാലം ഇത് കാടുകയറി ഇഴജന്തുക്കളുടെ താവളമായിരുന്നു. നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പരാതിയെ തുടർന്നാണ് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ആവശ്യത്തിന് തസ്തികകൾ അനുവദിക്കാതെ ഈ സ്ഥാപനത്തെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ് അധികൃതർ ചെയ്യുന്നത്.

ഇടയ്‌ക്കോട് വില്ലേജ് ഓഫീസറായ മോഹൻകുമാറിനാണ് ഇപ്പോൾ ഇളമ്പയുടെ അധികച്ചുമതല. ആറു മാസം മുൻപു വരെ മുദാക്കൽ വില്ലേജ് ഓഫീസർക്കായിരുന്നു ചുമതല. മോഹൻകുമാർ ഉച്ചവരെ ഇടയ്‌ക്കോടും ഉച്ചയ്ക്കുശേഷം ഇളമ്പയിലുമായാണ് ഇപ്പോൾ ജോലി നോക്കുന്നത്. ഇത് രണ്ട് വില്ലേജിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്

ഇളമ്പ കേന്ദ്രമാക്കി വില്ലേജ് ഓഫീസ് വേണമെന്നത് നാട്ടുകാരുടെ പതി​റ്റാണ്ടുകളായുള്ള ആവശ്യമാണ് അന്ന് പൂവണിഞ്ഞത്. ഇളമ്പ - മുദാക്കൽ വില്ലേജ്ഓഫീസ് ചെമ്പൂരിലാണ് പ്രവർത്തിച്ചിരുന്നത്. അയിലം, ഇളമ്പ, മൈവള്ളിഏലാ, പാറയടി പ്രദേശത്തുളളവർക്ക് കരമൊടുക്കണമെങ്കിൽ രണ്ട് ബസ്‌ കയറിപോകണമായിരുന്നു. ഈ ബുദ്ധിമുട്ടൊഴിവാക്കാനാണ് പുതിയവില്ലേജിനായുളള ആവശ്യം ഉയർന്നത്. എന്നാൽ നടപടികൾ നീളുകയായിരുന്നു. വില്ലേജ് ഓഫീസിനായി ഇളമ്പ പാലത്തിന് സമീപം നിർമ്മിച്ച കെട്ടിടം പത്തുവർഷത്തോളം അടച്ചിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി നടത്തിയ ഇടപെടലുകളെത്തുടർന്നാണ് 2017ൽ മന്ത്റിസഭാ തീരുമാനമുണ്ടായത്.