തിരുവനന്തപുരം: റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിലുള്ള പത്ത് റോഡുകളുടെ നിർമ്മാണം കിഫ്ബി പരിശോധനകളുടെ ഭാഗമായി നിറുത്തിവച്ചിരുന്നതായി മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചു. പരിശോധന പൂർത്തിയാക്കിയ ഒൻപത് നിർമ്മാണങ്ങളുടെ സ്റ്റോപ് മെമ്മോ പിൻവലിച്ചിട്ടുണ്ട്.
കെ.സി.പി എൻജിനിയേഴ്സിന് നിർമ്മാണ ചുമതലയുള്ള പാലക്കാട് എം.ഇ.എസ് കോളജ് - പയ്യനാടം റോഡിന്റെ മെമ്മോ പിൻവലിച്ചിട്ടില്ല. പ്രവൃത്തിയുടെ മന്ദഗതിയാണ് കാരണം.
പ്രളയത്തിൽ തകർന്ന 11,000 ത്തിലധികം റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. കോൺട്രാക്ടർമാരുടെ ആധിപത്യത്തെ ചെറുക്കാൻ ചില എൻജിനിയർമാർക്ക് കഴിയുന്നില്ല. കൺസ്ട്രക്ഷൻ കമ്പനികൾ തെറ്റുതിരുത്താൻ തയ്യാറായില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും അപാകതകൾ റിപ്പോർട്ട് ചെയ്യാത്ത എൻജിനിയർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സണ്ണി ജോസഫ്, വി.എസ് ശിവകുമാർ, അനൂപ് ജേക്കബ്, അനിൽ അക്കര, എൻ. ഷംസുദ്ദീൻ, എം. രാജഗോപാൽ, ഷാഫി പറമ്പിൽ, സജി ചെറിയാൻ, എ.പി അനിൽ കുമാർ, കെ.കുഞ്ഞിരാമൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.