തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ പി.എസ്.സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ എൻ.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ഉത്തരമായി നിയമസഭയെ അറിയിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരനായ ആർ.പി രഞ്ജൻ രാജ്, സീനിയർ അസിസ്റ്റന്റ് ഷിബു കെ നായർ, വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ ജി.കെ സുമേഷ്, നിയമസഭ ഹോസ്റ്റൽ എസ്റ്റാബ്ലിഷ്‌മെന്റ് അമിനിറ്റി അസിസ്റ്റന്റ് രാജേന്ദ്ര പ്രസാദ്, കെ.എസ്.എഫ്.ഇ ബാലരാമപുരം ബ്രാഞ്ചിലെ ജൂനിയർ അസിസ്റ്റന്റ് ജഗദീഷ് കുമാർ, അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സുധി, തിരുവനന്തപുരം എം.എ.സി.ടിയിലെ എൽ.ഡി ക്ലർക്ക് ജെ.എസ് വന്ദന എന്നിവരെ ചോദ്യം ചെയ്തു.
തിരുവനന്തപുരം നഗരത്തിലെ രണ്ട് പരിശീലന കേന്ദ്രങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ ക്ലാസെടുക്കുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ജോലിക്ക് ശ്രമിക്കുന്നതിനായി ഷിബു കെ നായർ നൽകിയ അപേക്ഷ പ്രകാരം 2014 ജൂലായ് മുതൽ 2020 ജൂലായ് വരെ ഇയാൾക്ക് ശൂന്യവേതനാവധി അനുവദിച്ചിരുന്നു. ഈ ഉത്തരവുകൾ റദ്ദാക്കാൻ നടപടി സ്വീകരിക്കും. അതേസമയം രഞ്ജൻ രാജന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.