തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനുള്ള മാസ്‌കും സാനി​റ്ററൈസറും വിലകൂട്ടി വിൽക്കുകയോ പൂഴ്‌ത്തി വയ്ക്കുകയോ ചെയ്യുന്നവർക്ക് പിഴശിക്ഷ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ലീഗൽ മെട്രോളജി കൺട്രോളർക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകിയത്.
മാസ്‌കും സാനി​റ്ററൈസറും ന്യായവിലക്ക് സുലഭമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന സർക്കാർ ജീവനക്കാർക്ക് മാസ്‌ക്കും സാനിട്ടറൈസറും സൗജന്യമായി നൽകാൻ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ബയോമെട്രിക് ഹാജർ ഒരു മാസത്തേക്കെങ്കിലും നിറുത്തിവയ്ക്കണം. ജില്ലാ ആശുപത്രികൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ രോഗചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആരോഗ്യ വകുപ്പ് സെക്രട്ടറി ഒരുക്കണം. രോഗത്തിന്റെ തീവ്രതയും പ്രതിരോധ നടപടികളുടെ ആവശ്യകതയും സംബന്ധിച്ച് ബോധവത്ക്കരണം നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകണം. രോഗത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെ സംസ്ഥാന പൊലീസ്‌ മേധാവി ജാഗ്രത പാലിക്കുകയും കർശന നടപടികൾ സ്വീകരിക്കണം. എയർപോർട്ട്, റെയിൽവേസ്​റ്റേഷൻ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് നടത്തുന്ന രോഗപരിശോധന ഒഴിവാക്കി ഒരാൾപോലും പുറത്തു കടക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ചേർത്തല സ്വദേശി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.