വർക്കല:വർക്കലയിൽ പൊലീസ് കൺട്രോൾ റൂം സംവിധാനം ആരംഭിച്ചു.വർക്കല,അയിരൂർ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കൺട്രോൾറൂം ആരംഭിച്ചതെന്ന് അഡ്വ.വി.ജോയി എം.എൽ.എ അറിയിച്ചു. കൺട്രോൾ റൂമിൽ വരുന്ന വിവരങ്ങൾ ഉടനടി പരിശോധിച്ച് വേണ്ട നടപടി കൈക്കൊളളും.ഇതിനായി പ്രത്യേക വാഹനവും അനുവദിച്ചിട്ടുണ്ട്.കൂടുതൽ പൊലീസുകാരെയും നിയോഗിക്കും.ഒരു വിവരം അറിയുന്ന മാത്രയിൽ തന്നെ പൊലീസിന് സ്ഥലത്തെത്തുവാൻ കഴിയുന്ന നിലയിലാണ് സംവിധാനം.വിനോദസഞ്ചാരകേന്ദ്രമായ കാപ്പിലും പാപനാശത്തും പ്രത്യേക ശ്രദ്ധയും ചെലുത്തും.വർക്കലയിലെ ട്രാഫിക് ക്രമീകരണം മെച്ചപ്പെടുത്താൻ 10 പൊലീസുകാർക്ക് പുറമെ ഒരു വാഹനവും അനുവദിച്ചിട്ടുണ്ട്.ക്രമസമാധാന പാലനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഡി.ജി.പി പ്രത്യേക പരിഗണന നൽകി വർക്കലയ്ക്ക് ഈ സൗകര്യങ്ങൾ നൽകിയിട്ടുളളത്.ടൂറിസം മേഖലയിൽ നാല് വനിതാ പൊലീസുകാരെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചതായി എം.എൽ.എ പറഞ്ഞു.