തിരുവനന്തപുരം: തൃപ്രയാറിൽ വാഹന പരിശോധനയ്ക്കിടയിൽ നാടകവണ്ടിക്കെതിരെ 500 രൂപ മാത്രമാണ് പിഴ ചുമത്തിയതെന്നു മന്ത്റി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. പരിശോധനാ സമയത്തു ഡ്രൈവർ യൂണിഫോം ധരിച്ചിട്ടില്ലെന്ന കുറ്റത്തിനാണ് പിഴയീടാക്കിയത്.
പരിശോധിച്ച ഉദ്യോഗസ്ഥ പരസ്യബോർഡിന്റെ വലിപ്പം 24,000 ചതുരശ്ര സെന്റീമീറ്റർ എന്ന് രേഖപ്പെടുത്തി മോട്ടോർ വാഹനചട്ടം 191 അനുസരിച്ച് ചെക്ക് റിപ്പോർട്ട് തയാറാക്കി നൽകിയിരുന്നു.
അളവായ 24000 ചതുരശ്ര സെന്റീമീറ്ററെന്നത് സമൂഹമാദ്ധ്യമങ്ങളിലൂടെ 24000 രൂപ പിഴയെന്ന് തെറ്റായി പ്രചരിക്കുകയായിരുന്നു. തൃപ്രയാർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.സി. ഷീബ പരിശോധിച്ച കോൺട്രാക്ട് കാര്യേജ് വാഹനത്തിന്റെ ഉടമ, വൈഷ്ണ ഷാജി ആണ്.
ഈ വാഹനം നാടക കമ്പനി അവരുടെ പരിപാടിക്കായി ബുക്ക് ചെയ്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സാമൂഹ്യമാദ്ധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിച്ചിട്ടും നിജസ്ഥിതി സംബന്ധിച്ച് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സർക്കാരിനോ വാർത്താ മാദ്ധ്യമങ്ങൾക്കോ യാതൊരു വിവരവും യഥാസമയം ലഭ്യമാക്കിയില്ല.ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തെ ഗുരുതര വീഴ്ചയായി കരുതി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.വി. അബ്ദുൾ ഖാദറിന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.