ആറ്റിങ്ങൽ: വിദ്യാലയങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചാൽ അദ്ധ്യാപകർ ഹാജരാകേണ്ടതില്ലെന്ന ഉത്തരവുകൾ നിലനിൽക്കെ അദ്ധ്യാപകർ സ്‌കൂളുകളിൽ ഹാജരാകണമെന്ന സർക്കാരിന്റെ അറിയിപ്പ് തീർത്തും അനുചിതവും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധവുമാണെന്ന് കെ.പി.എസ്.ടി.എ ഭാരവാഹികൾ പറഞ്ഞു.വാർഷീക പരീക്ഷ പോലും വേണ്ടെന്നു വച്ച് സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചിട്ട് അടച്ചിട്ട സ്കൂളുകളിൽ അദ്ധ്യാപകർ ഹാജരാകണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ഈ ഇരുപത് ദിവസവും സ്‌കൂളുകളിൽ ഹാജരായി പരസ്പരം മിണ്ടാതെ അകലം പാലിച്ച് കൊണ്ട് അടുത്ത വർഷത്തേക്കുള്ള പ്ലാനിംഗ് അദ്ധ്യാപകർ എങ്ങിനെയാണ് നടത്തേണ്ടതെന്ന് സർക്കാർ വ്യക്തമാക്കണം. സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ നിലവിലെ ഉത്തരവുകൾ പ്രകാരം അദ്ധ്യാപകർ സ്കൂളിൽ ഹാജരാകേണ്ടതില്ല എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ധ്യാപകരെ അപഹസിക്കുന്ന ഇത്തരം തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.