തിരുവനന്തപുരം: കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം സുരേഷ് വീട്ടിനുള്ളിൽ ഒരു രാത്രി മുഴുവനിരുന്നു. പുലർച്ചെ ബന്ധുവിന് സന്ദേശം കൈമാറിയ ശേഷം അവരെത്തുന്നതിന് മുമ്പ് ജീവനൊടുക്കി. സുരേഷിന്റെ ഈ പ്രവൃത്തി പൊലീസിനെപ്പോലും ഞെട്ടിച്ചു. കഴുത്തിൽ കയറിട്ട് മുറുക്കി ഭാര്യയുടെയും മകന്റെയും ജീവനെടുത്ത ശേഷം മണിക്കൂറുകൾ സുരേഷ് കാവലിരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സുരേഷ് ആത്മഹത്യ ചെയ്യുന്നത് ഇന്നലെ രാവിലെയും. ഇത്രയും സമയം വീട്ടിൽ തന്നെയായിരുന്നു ഇയാൾ. രാവിലെ ആറോടെയാണ് ' രാവിലെ എട്ട് മണിയാകുമ്പോൾ വീട്ടിലേക്ക് അത്യാവശ്യമായി വരണമെന്ന് ' ഭാര്യാസഹോദരി മഞ്ജുവിന്റെ ഭർത്താവിന് സുരേഷ് വാട്സ്ആപ്പിൽ ശബ്ദസന്ദേശം അയയ്ക്കുന്നത്. ഇതിന് ശേഷം മകൻ മരിച്ചുകിടക്കുന്ന മുറിയുടെ ചുമരിനോട് ചേർന്നുള്ള സ്ഥലം മരണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ മരണം ബന്ധുക്കൾ അധികം വൈകാതെ അറിയണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് വീടിന്റെ വാതിലും ഗേറ്റും തുറന്നിട്ടതെന്നാണ് കരുതുന്നത്. പാത്രം കഴുകുന്നതിനിടെ അടുക്കളയിൽ വച്ചാണ് സിന്ധുവിനെ കഴുത്തിൽ കയർ കുരുക്കി സുരേഷ് കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന മകൻ ഷാരോണിന്റെ കഴുത്തിലും കയർ മുറുക്കി. ഇതേ കയറിൽ തന്നെയാണ് സുരേഷും ജീവനൊടുക്കിയത്. നീണ്ട കാലത്തെ പ്രവാസജീവിതത്തിന് ശേഷം ഇനി നാട്ടിൽ കഴിയാമെന്ന ലക്ഷ്യത്തോടെയാണ് മൂന്നാഴ്ച മുമ്പ് സുരേഷ് നാട്ടിലെത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഭാര്യയ്ക്കും മകനുമൊപ്പം ജീവിതം കരുപ്പിടിപ്പിക്കാനായി രണ്ടാഴ്ച മുമ്പ് ഒരു ആട്ടോ വാടകയ്ക്കെടുത്ത് കന്യാകുളങ്ങര ആട്ടോ സ്റ്റാൻഡിൽ ഓട്ടം തുടങ്ങി. കഴിഞ്ഞ ദിവസവും സുരേഷ് ആട്ടോയുമായി സ്റ്രാൻഡിലെത്തിയിരുന്നു. ഇതിനിടെ ഇങ്ങനൊരു കൃത്യത്തിന് ഇയാൾ മുതിരാൻ കാരണമെന്തെന്നാണ് എല്ലാവരുടെയും സംശയം. മരണങ്ങളിൽ ദുരൂഹതയില്ലെന്ന് തന്നെയാണ് പൊലീസും ബന്ധുക്കളും പറയുന്നത്. പട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ കസ്റ്റമർ സർവീസ് ജീവനക്കാരിയാണ് സിന്ധു. കുളത്തൂരിലെ വാടകവീട്ടിൽ ഇവർ താമസം തുടങ്ങിയിട്ട് മാസങ്ങൾ മാത്രമായതിനാൽ സമീപത്തുള്ള വീടുകളുമായി ഇവർക്ക് വലിയ അടുപ്പമില്ല.