തിരുവനന്തപുരം: നഗരത്തിൽ സ്‌കൂൾ പരിസരത്ത് കഞ്ചാവ് വില്പന നടത്തിവന്ന രണ്ടുപേ‌ർ പിടിയിൽ.പൂജപ്പുര മുടവൻമുകൾ സ്വദേശി അക്രു എന്ന ശരത്ത് (34), തമലം സ്വദേശി ഓമനക്കുട്ടൻ എന്ന യദുകൃഷ്ണൻ (36) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ തമലം സ്‌കൂളിനടുത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ലഹരിവസ്തുക്കളുടെ വില്പനയും വിപണനവും സംബന്ധിച്ച് രഹസ്യവിവരം പൊലീസിന് കൈമാറുന്നതിനായി ആവിഷ്‌കരിച്ച 'യോദ്ധാവ്' മൊബൈൽ ആപ്ലിക്കേഷനിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻഫോഴ്‌സ് (ഡാൻസാഫ്) ടീമാണ് ഇവരെ പിടികൂടി കരമന സ്റ്റേഷന് കൈമാറിയത്. ഇവരിൽ നിന്ന് വില്പനക്കായി എത്തിച്ച കഞ്ചാവും കണ്ടെടുത്തു.നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഷീൻ തറയിൽ,കരമന എസ്.എച്ച്.ഒ ചന്ദ്രബാബു,എസ്.ഐ. ശിവകുമാർ, 'ഡാൻസാഫ്' ടീം അംഗങ്ങളായ ലജൻ,സജി,വിനോദ്,അതുൽ,രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.