തിരുവനന്തപുരം: കാഴ്ചയില്ലാത്തവർക്ക് വഴികാട്ടാൻ ഊന്ന് വടി വേണ്ട. ഒരു താങ്ങിനായി ആരുടെയും നേർക്ക് കൈ നീട്ടേണ്ട. കൈകളിൽ സെൻസർ ഘടിപ്പിച്ച ഗ്ളൗസ്, പോക്കറ്റിൽ പ്രത്യേക ആഫ്ലിക്കേഷൻ ഉള്ള മൊബൈൽ ഫോൺ, ശിരസിൽ ഹെഡ്ഫോൺ... ഇത്രയും മതി. ആധുനിക സാങ്കേതിക വിദ്യ അവർക്ക് വഴികാട്ടിയാവും.
മൂന്നു മലയാളി യുവാക്കൾ അബുദാബിയിൽ ഇതിന്റെ പണിപ്പുരയിലാണ് -
നെയ്യാറ്രിൻകര തിരുപുറം സ്വദേശി ശരൺ, നെയ്യാറ്രിൻകര സ്വദേശിയും എം.ബി.എ ബിരുദധാരിയുമായ നന്ദുജിത്, കാരക്കോണം സ്വദേശിയും എം.ടെക് ബിരുദധാരിയുമായ വൈശാഖ് എന്നിവരുടേതാണ് ആശയം.
നമ്മുടെ സ്റ്റാർട്ട് അപ് മിഷന് സമാനമായി സോഷ്യൽ ഇൻകുബേറ്റർ എന്നൊരു പദ്ധതി അബുദാബി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. നെക് സാർട്ട് ടെക്നോ സൊല്യൂഷൻസിന്റെ ബാനറിൽ ശരണിന്റെ നേതൃത്വത്തിൽ ഇവർ പദ്ധതി സമർപ്പിച്ചു. പ്രാഥമിക ലിസ്റ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 500പേർ ഉണ്ടായിരുന്നു. സ്ക്രീനിംഗ് കഴിഞ്ഞപ്പോൾ 25പേരിലേക്ക് ചുരുങ്ങി. അവസാന റൗണ്ടിൽ പ്രവർത്തനാനുമതി ലഭിച്ചത് ശരണിനും മറ്റു രാജ്യക്കാരായ ഒൻപതുപേർക്കും മാത്രം. മലയാളി സംഘത്തിന്റെ പദ്ധതി രണ്ടു ഘട്ടം പിന്നിട്ടു. അടുത്ത ഘട്ടം പൂർത്തിയായാൽ വ്യാവസായിക അടിസ്ഥാനത്തിൽ അബുദാബിയിൽ പ്രവർത്തനം തുടങ്ങും. ഐ വേ എന്ന പേരിലാണ് പദ്ധതി. ചെലവ് മുഴുവൻ അബുദാബി സർക്കാർ വഹിക്കും.
രൂപരേഖ
1.കൈകളിലെ ഗ്ളൗസിൽ സെൻസർ.
2.സെൻസറുമായി മൊബൈലിനെ ബന്ധിപ്പിക്കും.
3.മൊബൈലിനെ ഹെഡ് ഫോണുമായി ബന്ധിപ്പിക്കും.
പ്രവർത്തനം
1. ഗ്ളൗസിലെ സെൻസർ മുന്നിലുള്ള തടസങ്ങൾ തിരിച്ചറിയും.
2. സെൻസർ വിവരങ്ങൾ മൊബൈലിലേക്ക് അയയ്ക്കും.
3. മൊബൈലിലെ ആപ്പ് അത് സംഭാഷണമാക്കി ഹെഡ് ഫോണിന് കൈമാറും.
4. ഹെഡ്ഫോണിൽ കേൾക്കുന്ന നിർദ്ദേശം അനുസരിച്ച് മുന്നോട്ടു പോകാം.
5. തുടക്കത്തിൽ ഇംഗ്ളീഷും അറബിയുമാണ് ഭാഷ. മറ്റു ഭാഷകളിലും താമസിയാതെ സന്ദേശങ്ങൾ ലഭ്യമാക്കും.
``ഇനിഷ്യേറ്റീവ് ഫോർ ചെയ്ഞ്ച് എന്ന കമ്മ്യൂണിറ്റിയും ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൊതുജന നന്മ ആഗ്രഹിക്കുന്നവർക്ക് ഈ സംരംഭത്തെ സഹായിക്കാനും പുതിയവ തുടങ്ങാനും ഈ കമ്യൂണിറ്രിയിലൂടെ കഴിയും. ഫോൺ: 8129726232''
-ശരൺ