m
മുഹ്സിനും ഭാര്യ ഷഫഖും

തിരുവനന്തപുരം: '' നല്ല ടെൻഷനുണ്ട്,​ വീട്ടുകാരൊക്കെ ആകെ വിഷമത്തിലുമാണ്. അവൾ അവിടെ സുരക്ഷിതായാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരുന്നാൽ മതിയായിരുന്നു...''- കൊറോണ ബാധയെത്തുടർന്ന് ഇറ്റലിയിൽ കുടുങ്ങിപ്പോയ ഭാര്യയെ കുറിച്ചോർത്ത് ആകെ വ്യാകുലനാണ് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ.

ഇറ്റലിയിലെ കാമറിനോ സർവകലാശാലയിലെ ഗവേഷകയാണ് മുഹ്സീന്റെ ഭാര്യ ഷഫഖ് കാസിം. കൊറോണ ഇറ്റലിയിൽ താണ്ഡവമാടിയപ്പോൾ ഇവിടെ മുഹ്സിന്റെ ഇടനെഞ്ചൊന്നാളി. ഭാര്യയെ കാണണമെന്ന് തോന്നി. പക്ഷേ,​ വരാൻ നിവർത്തിയില്ല. ആകെയൊരു ആശ്വാസം വീഡിയോകാൾ വഴി പ്രിയതമയെ കാണാമെന്നതാണ്. പക്ഷെ അവൾ സ്ട്രോംഗാണ്. ഒരു ടെൻഷനും ഇല്ല. ഇപ്പോൾ തിരിച്ചുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നതേയില്ല- മുഹ്സിൻ പറയുന്നു.

ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയാണ് ഷഫഖ്. ഡൽഹിയിലെ ജാമിയമിലിയയിൽ നിന്നും എം.ഫിൽ കഴിഞ്ഞ ശേഷമാണ് ഗവേഷണത്തിനായി ഇറ്റലിയിലേക്കു പോയത്. 2018 ഡിസംബർ 22ന് മുഹ്സിനുമായുള്ള വിവാഹം നടക്കുമ്പോൾ ഷഫഖിന് കാമറിനോ സർവകലാശാലയിൽ പ്രവേശനം ലഭിച്ചിരുന്നു. പഠനം പൂർത്തിയാക്കാൻ ഒന്നര വർഷം കൂടി ബാക്കിയുണ്ട്.

ഫ്ളാറ്റിൽ അവൾ സുരക്ഷിതായാണ്.​ ഒരു മാസത്തേക്കുള്ള ആഹാരസാധനമൊക്കെ ശേഖരിച്ച് വച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി പൂട്ടിക്കിടക്കുകയാണ്. ഷഫഖിനും സുഹൃത്തുക്കൾക്കും ഫെല്ലോഷിപ്പുണ്ട്,​ പാർട്ട് ടൈം ജോലി ചെയ്ത് താമസിച്ച് പഠിക്കുന്നവരുടെ കാര്യമാണ് കഷ്ടം.അവരിൽ ചിലരൊക്കെ 18ന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തിരുന്നു. പക്ഷെ,​ അവർക്കും വരാൻ കഴിയില്ല. സർക്കാരിന് അവിടത്തുകാരെ നോക്കാൻ തന്നെ നേരമില്ല.എയർപോർട്ടുകളിൽ മറ്റ് രാജ്യക്കാർ വിമാനം കയറി പോകുമ്പോൾ നമ്മുടെ രാജ്യക്കാർ ദിവസങ്ങളായി കാത്ത് നിൽക്കുകയാണ്- മുഹ്സിൻ പറഞ്ഞു.

 പുറത്തിറങ്ങിയാൽ പിഴ

ഇറ്റലിയിൽ താമസിക്കുന്നവർക്ക് പുറത്തിറങ്ങാൻ കർശന നിയമന്ത്രണമുണ്ട്. രോഗലക്ഷണമുള്ള ആരെങ്കിലും പുറത്തിറങ്ങിയാൽ അവർക്കെതിരെ പിഴ ചുമത്തും. മരണം അവിടെ മാത്രം ആയിരം കടന്നു.മാർക്കറ്റിൽ ഒരേ സമയം മൂന്നു പേർക്കേ പ്രവേശിക്കാൻ സാധിക്കൂ. അതും ഒരു മീറ്റർ അകലം പാലിക്കണം. ക്യൂ നിൽക്കുമ്പോൾ ഒന്നരമീറ്റർ വിട്ട് നിൽക്കണം. മുതിർന്ന പൗരന്മാർ ധാരാളം ഉള്ള സ്ഥലമാണ്. പിന്നെ എത്ര പറഞ്ഞാലും അവിടെത്തെ നാട്ടുകാർ പുറത്തിറങ്ങാതെ ഇരിക്കില്ല.അതാണ് തുടക്കത്തിൽ കൈവിട്ടു പോയതിനു കാരണം. ചില സാഡിസ്റ്റുകൾ ൾ ഉമിനീര് മെട്രോയിലും അവിടേയും ഇവിടേയുമൊക്കെ തേച്ചു വച്ചുവെന്നും പറയുന്നുണ്ട്.സി.സി.ടി.വി കണ്ടിട്ട് ഇത്തരക്കാരെ അറസ്റ്റു ചെയ്തിരുന്നു.