തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്നലെ അവസാനിച്ചത് പതിവനുസരിച്ചുള്ള ദേശീയ ഗാനാലാപനവും , അനിശ്ചിതകാലത്തേക്ക് പിരിയുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രമേയവും ഇല്ലാതെയെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി കെ.സി. ജോസഫിന്റെ ആരോപണം.

കൊറോണയെ മറയാക്കി മുഖ്യമന്ത്രിയും ഭരണപക്ഷവും സഭയിൽ നിന്ന് ഒളിച്ചോടുന്നതിന്റെ പരിഭ്രാന്തിയിലാണ് ഇത് മറന്നുപോയത്. സഭാസമ്മേളനം ഒന്നോ രണ്ടോ മാസത്തേക്ക് നിറുത്തിവയ്ക്കാമെന്നും, നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി ഇന്നലെ പിരിയാമെന്നും പ്രതിപക്ഷം സമ്മതിച്ചിട്ടും ചർച്ചയില്ലാതെ എല്ലാം പാസാക്കി പിരിയണമെന്ന പിടിവാശിയായിരുന്നു മുഖ്യമന്ത്രിക്ക്. സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ എന്തുമാകാമെന്ന ധാർഷ്ഠ്യം. പ്രതിപക്ഷത്തെ പാർലമെന്റിൽ അടിച്ചമർത്തുന്ന മോദിയുടെ അതേ തന്ത്രം. ഭരണ പരാജയം കൊറോണ കൊണ്ട് മൂടിവയ്ക്കാനും പ്രളയ തട്ടിപ്പിന്റെ ചർച്ച ഒഴിവാക്കാനും സർക്കാരിന് തൽക്കാലം സാധിച്ചു- ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.