തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാനായി നടത്തുന്ന ഭാഷാ യോഗ്യതാ പരീക്ഷയായ ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന് കൊറോണ ഭീതിയിലും മാറ്റമില്ല. തൊഴിലന്വേഷകരുടെ ഇംഗ്ലീഷ് ഭാഷാ അഭിരുചി അളക്കാനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷ കേരളത്തിലെ അഞ്ച് സെന്ററുകളിലായി മാർച്ച് 21 നാണ് .
കൊറോണയുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ സംസ്ഥാനത്ത് പൊതുപരിപാടികളും പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷകളുമടക്കം മാറ്റിവച്ച സാഹചര്യത്തിലാണ് ഒരു ഹാളിൽ 150 ലേറെപ്പേരെ ഉൾക്കൊള്ളിച്ച് ഒരു മുഴുവൻ ദിവസ പരീക്ഷയ്ക്ക് ഒരുങ്ങുന്നത്.കേംബ്രിഡ്ജിന്റെ ന്യൂഡൽഹിയിലെ നോഡൽ സെന്ററിനാണ് ഇന്ത്യയിലെ പരീക്ഷാച്ചുമതല. നിലവിലെ സാഹചര്യത്തിൽ കൂട്ടമായിരുന്ന് പരീക്ഷ എഴുതുന്നതിലുള്ള ആശങ്ക ഉദ്യോഗാർത്ഥികളും കേരളത്തിലെ ഒ.ഇ.ടി ട്രെയിനിംഗ് സെന്ററുകളും നോഡൽ സെന്ററിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരം, കോട്ടയം, അങ്കമാലി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ സെന്ററുകൾ. ഒരു സെന്ററിൽ 150ലേറെ പേർ പരീക്ഷയെഴുതും. ആകെ എണ്ണൂറോളം പേരുണ്ടാകും. ഹോങ്കോംഗ്, ഗ്രീസ്, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ കൊറോണ ഭീതിയുള്ള 16 രാജ്യങ്ങളിൽ ഇതേ ദിവസത്തെ പരീക്ഷ ഏപ്രിലിലേക്ക് മാറ്റിവച്ചിട്ടുണ്ട്.
ലേണിംഗ്, സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നീ മൊഡ്യൂളുകളിലായി ഭാഷാശേഷി പരിശോധിക്കുന്ന നാലുഘട്ട പരീക്ഷയാണ് . ഇതിൽ സ്പീക്കിംഗ് ഒഴികെയുള്ള എല്ലാ ഘട്ടങ്ങളിലും ഉദ്യോഗാർത്ഥികൾ ഒന്നിച്ചാണ് ഇരിക്കേണ്ടത്. 30000 രൂപയാണ് പരീക്ഷാ ഫീസ്. . പരീക്ഷ എഴുതിയില്ലെങ്കിൽ അടച്ച ഫീസും അവസരവും നഷ്ടമാകും.
നഴ്സ്, ഡോക്ടർ, തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് തൊഴിലവസരം. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, അയർലാൻഡ്, കാനഡ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും നിയമനം ലഭിക്കും.