വർക്കല: ആഡിറ്റോറിയങ്ങളിലും ക്ഷേത്രങ്ങളിലും വച്ച് ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ആർഭാടപൂർവ്വം നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ കോവിഡ് 19 നെ തുടർന്നുള്ള സർക്കാർ നിർദ്ദേശവും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് വധൂഗൃഹങ്ങളിൽ ലളിതമായ ചടങ്ങുകളോടെ നടത്തുന്നു. മിക്കവാറും പല വിവാഹങ്ങളും മുഹൂർത്ത സമയത്തു തന്നെ നടക്കുകയുണ്ടായി. ചേന്നൻകോട് പെരിഞ്ഞാംകോണത്ത് കാഞ്ഞിരവിളവീട്ടിൽ സന്തോഷ്ലാലിന്റെയും സാധനാലാലിന്റെയും മകൾ സോണ എസ്.ലാലിന്റെയും നെല്ലിക്കോട് പുത്തൻവിള വീട്ടിൽ വിജയറാമിന്റെയും തങ്കമണി വിജയറാമിന്റെയും മകൻ അരുൺ വിജയറാമും തമ്മിലുള്ള വിവാഹം 15ന് കല്ലമ്പലം ജാഗി ആഡിറ്റോറിയത്തിൽ നടത്താനിരുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വധൂവരന്മാരുടെ രക്ഷകർത്താക്കൾ അന്നേദിവസം അതേ മുഹൂർത്തത്തിൽ വധൂഗൃഹത്തിൽ വച്ച് ലളിതമായി വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. തലേദിവസം നരിക്കല്ല് തോപ്പിൽ ആഡിറ്രോറിയത്തിൽ നടത്താനിരുന്ന സ്വീകരണ സത്കാരവും മാറ്റിവച്ചിട്ടുണ്ട്. പല ആഡിറ്റോറിയങ്ങളിൽ നിന്നും വിവാഹം ബുക്കുചെയ്തിരുന്നവരെ നേരിട്ട് വിളിച്ച് ഇപ്പോഴത്തെ സാഹചര്യം ഓർമ്മിപ്പിക്കുന്നുണ്ട്. ഇതുപോലെ വിദേശങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കൾക്ക് വിവാഹദിവസത്തിനു മുൻപ് എത്താൻ കഴിയാത്തതു മൂലം വിവാഹം മാറ്റിവയ്ക്കേണ്ടി വന്ന സംഭവങ്ങളും ഉണ്ട്. മാർച്ച് 30ന് വർക്കലയിലെ ഒരു ക്ഷേത്ര ആഡിറ്രോറിയത്തിൽ നടക്കേണ്ട വിവാഹം ഇത്തരത്തിൽ മാറ്രി വയ്ക്കുവാനുളള ആലോചനയിലാണ് ബന്ധുക്കൾ.