sabarimala

തിരുവനന്തപുരം: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു.വൈകിട്ട് 5 ന് , ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം മേൽശാന്തി ഉപദേവത ക്ഷേത്രങ്ങളിലെ നടകളും തുറന്ന് ദീപം തെളിച്ചു. നട തുറന്ന ദിനത്തിൽ പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി 10 ന് ഹരിവരാസനം പാടി നട അടച്ചു. മീനം ഒന്നായ നാളെ (14.03.2020 ) പുലർച്ചെ 5 മണിക്ക് നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.15 ന് നെയ്യഭിഷേകം. 5.30ന് മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ.12.30 ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് നട അടയ്ക്കും.വൈകുന്നേരം 5 ന് നട തുറക്കും.ശേഷം ദീപാരാധന, അത്താഴപൂജ എന്നിവയും ഉണ്ടാകും.പ്രത്യേക പൂജകളായ ഉദയാസ്തമന പൂജ, കളഭാഭിഷേകം,, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, പടിപൂജ, സഹസ്രകലശാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിൽ ഉണ്ടാവില്ല. അപ്പം, അരവണ വിതരണവും ഉണ്ടാവില്ല. ഭക്തർക്ക് താമസ സൗകര്യം, അന്നദാനം എന്നിവയും ഈ മാസ പൂജാ ദിവസങ്ങളിൽ ലഭ്യമല്ല. കൊറോണ ഭീക്ഷണിയെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും അയ്യപ്പഭക്തർക്കായി നൽകിയ അഭ്യർത്ഥന മുഖവിലക്കെടുത്തതിനാൽ ദർശനത്തിന് അയ്യപ്പഭക്തർ കൂടുതലായി എത്തിയിരുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വളരെ കുറച്ച് അയ്യപ്പഭക്തരാണ് ആദ്യ ദിവസം ദർശനത്തിനെത്തിയത്. മീനമാസ പൂജകൾ പൂർത്തിയാക്കി ക്ഷേത്ര തിരുനട 18 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.