വർക്കല: കടൽഭിത്തികൾ തകർച്ചാഭീഷണി നേരിടുന്നത് തീരത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു. ചിലക്കൂർ മുതൽ കാപ്പിൽ തീരം വരെയുള്ള തീരസംരക്ഷണത്തിനായി പാകിയ കരിങ്കൽ ഭിത്തികൾ പലതും കടലാക്രമണത്തിൽ ദുർബലമാകുകയാണ്. ഇതുകാരണം കടലാക്രമണത്തെ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയാണ്. വർഷങ്ങൾക്ക് മുമ്പ് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ കടൽഭിത്തി നിർമ്മാണത്തിന് ഈ മേഖലയിൽ മാത്രം 55 ലക്ഷം രൂപ ചെലവായെന്നാണ് കണക്ക്. അശാസ്ത്രീയമായ കരിങ്കൽ ഭിത്തി നിർമ്മാണവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവും പദ്ധതിയിൽ പാളിച്ചയുണ്ടാവാൻ കാരണമെന്നാണ് ആരോപണം. തീരസംരക്ഷണത്തിന്റെ ഭാഗമായി ഈമേഖലയിൽ ഹരിത തീരം പദ്ധതി പ്രകാരം ആയിരത്തിലധികം കാറ്റാടികൾ നട്ട് വളർത്തിയെങ്കിലും ഇത് പലപ്പോഴും സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുന്നതും പതിവാണ്. കടൽക്ഷോഭം ശക്തമായി അനുഭവപ്പെടുന്ന മേഖലകളിൽ ഒന്നാണ് ഇടവ - കാപ്പിൽ തീരം. വർഷങ്ങൾക്ക് മുമ്പ് പാകിയ കടൽ ഭിത്തികൾ പലതും കടലിൽ താഴ്ന്ന നിലയിലാണ്. വർക്കല തീര മേഖലയിലെ നിർണായക ഇടങ്ങൾ കേന്ദ്രീകരിച്ച് പുലിമുട്ടുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഇനിയും നടപ്പാക്കിയിട്ടില്ല.
അടിയന്തര നടപടി വേണം
------------------------------------------
ഇടവ -കാപ്പിൽ തീരത്തെ കടലിനെയും കായലിനെയും വേർതിരിക്കുന്ന ഇടത്തട്ടിലെ ഭാഗത്ത് അരക്കിലോമീറ്ററോളം ദൂരത്ത് പാകിയ കരിങ്കൽ ഭിത്തികൾ ശക്തമായ കടലാക്രമണത്തിൽ തകർന്ന് തുടങ്ങിയിട്ടുണ്ട്. കാലവർഷം ശക്തമാകുന്നതോടെ ഇടത്തട്ട് പ്രദേശം മുഴുവനായും തിരകൾ കവർന്നെടുക്കാനാണ് സാദ്ധ്യതയെന്ന് ബന്ധപ്പെട്ടവർ വിലയിരുത്തുന്നു. കടലിന് സമാന്തരമായി ഒഴുകുന്ന ഇടവ കായലിനിടയിലുള്ള ഇടത്തട്ട് പ്രദേശത്തിന്റെ വീതി ദിനംപ്രതി കുറയുന്നു. ഈ ഭാഗത്ത് നേരത്തെയുണ്ടായിരുന്ന മണൽവാരലും വീതികുറയാൻ കാരണമായിരുന്നു.
ഇടത്തട്ടിന്റെ വീതി മുമ്പ്: 100 മീറ്റർ ഇപ്പോൾ: 20 മീറ്റർ
കടലെടുത്ത സംരക്ഷണ
ഭിത്തികൾ ഇവിടെ
------------------------------------
വെട്ടൂർ അരിവാളം റാത്തിക്കൽ
ചിലക്കുർ ആലിയിറക്കം
പാപനാശം തിരുവമ്പാടി
ഓടയം വെറ്റക്കട
ഇടവ കാപ്പിൽ
വർക്കല തീരമേഖലയിൽ പുലിമുട്ടുകൾ സ്ഥാപിക്കുന്നതിനുളള നടപടികൾ
തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കും
അഡ്വ.വി.ജോയി എം.എൽ.എ