പാറശാല: പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിലെ പഠന നേട്ടങ്ങൾ പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്നതിനായി നടത്തുന്ന പഠനോത്സവങ്ങൾ ശ്രദ്ധേയമാകുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാറശാല ഉപജില്ലയിലെ 71 വിദ്യാലയങ്ങളിൽ പഠനോത്സവങ്ങൾ സംഘടിപ്പിച്ചു. പാറശാല ഇവാൻസ് യു.പി.എസിലെ പഠനോത്സവത്തിന്റെ പ്രചാരണാർത്ഥം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വിളംബര യാത്ര വ്യത്യസ്തമായി. കോട്ടവിള, ഇടിച്ചക്കപ്ലാമൂട്, കുഴിഞ്ഞാൻവിള, കൊടവിളാകം, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആമ്പാടി എന്നിവിടങ്ങളിൽ വിളംബര യാത്ര പര്യടനം നടത്തി. വിദ്യാർത്ഥികൾ നാടൻ പാട്ടുകളും ദ്യശ്യാവിഷ്ക്കാരങ്ങളും അവതരിപ്പിച്ചു. പ്രചാരണ യാത്ര സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി.പി.ഒ എസ്.കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. എ.എസ്.മൻസൂർ, ആർ.എസ്.ബൈജുകുമാർ, എസ്.ജയചന്ദ്രൻ, പ്രധാനാദ്ധ്യാപിക പി.ജെ.ഉഷാകുമാരി എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ പി.ആർ. ജെയിൻ, വി.എൻ. റാണി, എ.എസ്.അരുൺ, ജഗദീഷ്, വി.പി. വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് വിളംബര യാത്ര സംഘടിപ്പിച്ചത്.