വെള്ളനാട്: ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് മുന്നോടിയായി വെള്ളനാട് പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. കോവിഡ് 19 നെ തുടർന്ന് ഉത്സവങ്ങൾ നടത്തുന്നതിന് സർക്കാർ നിയന്ത്രണം ഉള്ളതിനാൽ 19 മുതൽ 28 വരെ നടക്കേണ്ട ഉത്സവം ക്ഷേത്ര ചടങ്ങുകളിൽ ഒതുക്കാൻ യോഗത്തിൽ തീരുമാനമായി. അന്നദാനം, കലാപരിപാടികൾ എന്നിവ ഒഴിവാക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. അതേസമയം ഉത്സവം ആരംഭിക്കുന്നതിന് മുൻപ് സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടായാൽ വിപുലമായ രീതിയിൽ നടത്താനും ധാരണയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, അംഗങ്ങളായ വെള്ളനാട് ശ്രീകണ്ഠൻ, എ.ആർ.ബിജുകുമാർ, എം.വി.രഞ്ജിത്, ക്ഷേത്ര പ്രസിഡന്റ് കെ.ജനാർദ്ദനൻ നായർ, സെക്രട്ടറി എം.സുകുമാരൻ നായർ, ജോയിന്റ് സെക്രട്ടറി ഡി.ബ്രഹ്മദേവൻ നായർ, ഭരണ സമിതി അംഗങ്ങൾ, ആര്യനാട് ഇൻസ്പെക്ടർ എം.യഹിയ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിട്ടി, ഫയർഫോഴ്സ്, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.