ബാലരാമപുരം: പമ്പിൽ നിന്നു ബൈക്കിൽ ഫുൾ ടാങ്ക് പ്രെട്രോളടിച്ച ശേഷം രക്ഷപ്പെട്ട യുവാക്കൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ രാവിലെ 10ഓടെ ബാലരാമപുരം - തൈക്കാപ്പള്ളി റോഡിൽ ബാറിന് സമീപത്തെ പെട്രോൾ പമ്പിലാണ് സംഭവം. രണ്ടുപേരാണ് പെട്രോൾ അടിക്കാനെത്തിയത്. ഒരാൾ പെട്രോളടിക്കുമ്പോൾ മറ്റേയാൾ പമ്പിന് ദൂരത്തായി മാറി നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. പൈസ കൂടെ വന്നയാളുടെ പക്കലാണെന്ന് പറഞ്ഞ് ബൈക്ക് മുന്നോട്ടെടുത്ത് യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. യുവാക്കളുടെ ദൃശ്യം സമീപത്തെ ബാറിലെ സി.സി ടിവി കാമറയിൽ നിന്നു ലഭിച്ചിട്ടുണ്ട്. പമ്പ് ജീവനക്കാർ ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.