medical-college-

തിരുവനന്തപുരം : തലസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വർക്കലയിൽ റിസോർട്ടിൽ താമസിച്ച ഇറ്റാലിയൻ പൗരനും ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ തലസ്ഥാന വാസിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 22ആയി. ഇതിൽ മൂന്നുപേർ രോഗമുക്തമായി ആശുപത്രി വിട്ടവരാണ്.

വ്യാഴാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയിൽ കൊറോണ പോസിറ്റീവായ വെള്ളനാട് സ്വദേശിക്ക് കൊറോണയാണെന്ന് ആലപ്പുഴ വൈറോളജി ലാബും സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം മൂന്നായി. ഇവരെല്ലാം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്.

ഇറ്റാലിയൻ യുവാവ് വർക്കലയിൽ എത്തിയ ദിവസം മുതൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം റിസോർട്ടിൽ നിരീക്ഷണത്തിലായിരുന്നു. 14 ദിവസം പൂർത്തിയാകുന്നതിനിടെയാണ് ഫലം പോസിറ്റീവായത്. ബ്രിട്ടനിൽ നിന്നെത്തിയ ആളും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

വരും ദിവസങ്ങളിൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചു. ഇന്നലെ വൈകിട്ട് നടന്ന അവലോകനയോഗത്തിൽ എയർപോർട്ട് അധികൃതർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. റെയിൽവേ സ്റ്റേഷനിൽ ബോധവത്കരണത്തിനായി അനൗൺസ്‌മെന്റ് നടത്തും.

അതേസമയം, കൊറോണ ബാധ ഉൾപ്പെടെ ചർച്ച ചെയ്യാൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേരും

നിലവിലെ സ്ഥിതി

ആകെ നിരീക്ഷണത്തിൽ - 5468

ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചവർ - 69

പരിശോധിച്ച സാമ്പിളുകൾ - 1,715

നെഗറ്റീവ് - 1,132

ഫലം വരാനുള്ളത് - 583