ബാലരാമപുരം: ശരീരം തളർത്തിയെങ്കിലും മാനസിക കരുത്തിൽ അതിജീവനത്തിന്റെ പാതയിലാണ് പൂങ്കോട് വലിയവിള വീട്ടിൽ സരിത. നാല് വയസുള്ളപ്പോൾ പോളിയോ ബാധിച്ചു ശരീരം തളർന്നു പോയി. എന്നാലും തളരാത്ത മനസുമായി ജീവിതം മുന്നോട്ട് കൊണ്ടു പോകുകയാണ്. കഴിഞ്ഞ പതിനെട്ട് വർഷമായി വീടിനോട് ചേർന്ന് പച്ചക്കറിയും അത്യാവശ്യം പലചരക്കുകളും വിൽക്കുന്നു. ബാല്യത്തിൽ തന്നെ പിതാവ് മരിച്ചു. നെയ്ത്ത് തൊഴിലാളിയായ മാതാവ് ശകുന്തള വളരെയധികം യാതനകൾ സഹിച്ചാണ് സരിതയെ വളർത്തിയത്. തന്റെ ശാരീരികസ്യാസ്ഥ്യങ്ങൾ മറികടന്ന് സരിത പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസ്സോടെ പാസായി. സാമ്പത്തിക ദൈന്യത കാരണം പഠനം നിറുത്തേണ്ടി വന്നു. ജോലിക്കായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഭിന്നശേഷിക്കാരിയെന്ന പരിഗണനയും ആരും സരിതയ്ക്ക് നൽകിയില്ല. ജോലി കിട്ടില്ലെന്ന പ്രതീക്ഷ അസ്തമിച്ചതോടെ ട്യൂഷൻ എടുത്ത് ഉപജീവനത്തിനുള്ള വക കണ്ടെത്താൻ തുടങ്ങി. കൂടെ പച്ചക്കറി പലചരക്ക് കച്ചവടവും.
ഇതിനിടെ ആറ് വർഷം മുൻപ് സുരേഷ് എന്നയാൾ സരിതയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് മക്കളില്ല. പള്ളിച്ചൽ പഞ്ചായത്ത് നൽകിയ വീൽച്ചെയറിലാണ് സരിതയുടെ ഇപ്പോഴുള്ള ജീവിതം. ലോകവനിതാദിനത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. വീരേന്ദ്രകുമാർ പൊന്നാടയും പള്ളിച്ചൽ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബികാദേവി പുരസ്കാരവും നൽകി ആദരിച്ചു. പൂങ്കോട് സുനിൽകുമാർ, രഞ്ചിത്ത് പൂങ്കോട്, ബി.വി.സുരേഷ്. ഷീബാറാണി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ക്യാപ്ഷൻ: ലോകവനിതാദിനത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. വീരേന്ദ്രകുമാർ പൊന്നാടയും പള്ളിച്ചൽ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബികാദേവി പുരസ്കാരവും നൽകി സരിതയെ ആദരിക്കുന്നു