തിരുവനന്തപുരം:സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കൈമനത്തെ ഓഫീസിൽ തീപിടിത്തം.ഓഫീസിന്റെ നാലാംനിലയിലെ അടച്ചിട്ടിരുന്ന മുറിയിലാണ് ഇന്നലെ രാവിലെ പതിനൊന്നോടെയാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ പരീക്ഷകളുടെ പേപ്പറുകളും പഴയ എയർ കണ്ടീഷണറുകളും കമ്പ്യൂട്ടർ മോണിറ്ററുകളുമാണ് സൂക്ഷിച്ചിരുന്നത്.ഇതിൽ എയർ കണ്ടീഷണറുകളും മോണിറ്ററുകളും ഒരു കസേരയും കത്തിനശിച്ചു.പരീക്ഷ പേപ്പറുകൾക്ക് തീപിടിക്കുമുമ്പ് ജീവനക്കാർ മുറിയിലുണ്ടായിരുന്ന തീ അണയ്ക്കുന്ന സംവിധാനവും ബക്കറ്റിൽ വെള്ളവുമുപയോഗിച്ച് തീ അണച്ചു.ചെങ്കൽചൂളയിൽ നിന്നും സ്റ്റേഷൻ ഓഫീസർമാരായ സുരേഷ്‌കുമാർ,അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സും സ്ഥലത്തെത്തി.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.