prathikal

പാറശാല: വധശ്രമ കേസിൽ പ്രതികളായ രണ്ട് യുവാക്കൾ പിടിയിൽ. പരശുവയ്ക്കൽ പെരുവിള സി.എസ്.ഐ ചർച്ചിന് സമീപം പള്ളിവിള പുത്തൻ വീട്ടിൽ അഭിലാഷ് (19), സമീപവാസിയായ ചിറക്കര പുത്തൻ വീട്ടിൽ ബിപിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ലഹരിക്ക് അടിമയായിരുന്ന പ്രതികളെ ബിപിന്റെ മാതൃ സഹോദരനും അയൽവാസിയുമായ സതീഷ് വിലക്കിയതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിനു പിന്നിൽ. കഴിഞ്ഞ ഫെബ്രുവരി 9 ന് രാത്രിയിലായിരുന്നു സംഭവം. സതീഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ സതീഷിനെ ദേഹോപദ്രവം ഏല്പിക്കാൻ ശ്രമിച്ചു. ഇതു തടയാൻ എത്തിയ അയൽവാസിയും സതീഷിന്റെ അനുജനുമായ ജോയിയെയും ഇവർ കമ്പിപ്പാര കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികൾ മറ്റൊരു കവർച്ചാ കേസുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനിൽ അറസ്റ്റിലായപ്പോഴാണ് നിരവധി കേസുകളിലെ പ്രതികളാണെന്ന് തെളിഞ്ഞത്. പാറശാല സർക്കിൾ ഇൻസ്‌പെക്ടർ കണ്ണൻ, എസ്.ഐ ശ്രീലാൽ ചന്ദ്രശേഖർ, ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒ പ്രമോദ്‌കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു.