തിരുവനന്തപുരം: വലതുപക്ഷ പാർട്ടികളിൽപെട്ടവർക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ അവസരം ലഭിക്കാത്തവിധം സംസ്ഥാന ശിശുക്ഷേമ സമിതി ഭാരാവാഹികളുടെ തിരഞ്ഞെടുപ്പ് നടപടികൾ ക്രമീകരിച്ചതായി ആക്ഷേപം ഉയർന്നു. അവസാന തീയതിയായ മാർച്ച് 11ന് മുമ്പ് ഇടതുപക്ഷ പാനലിലുള്ളവർക്കുമാത്രമേ നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിഞ്ഞുള്ളൂ.
വിജ്ഞാപന വിവരം അംഗങ്ങളെ യാഥാസമയം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആർ.എസ് .ശശികുമാർ ശിശുക്ഷേമസമിതി രക്ഷാധികാരിയായ ഗവർണർക്ക് പരാതി നൽകി.
വിജ്ഞാപനവിവരം തിരഞ്ഞെടുപ്പിന് 21 ദിവസം മുൻപ് അംഗങ്ങളെ കത്തുമുഖേന അറിയിക്കണമെന്നാണ് വ്യവസ്‌ഥ . ഇതനുസരിച്ച്, മാർച്ച് 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മാർച്ച് 7ന് സർട്ടിഫിക്കറ്റ് ഓഫ് പോസ്റ്റിങ് ആയി കത്തുകൾ അംഗങ്ങൾക്ക് അയച്ചു. ചില മെമ്പർമാർക്ക് യഥാസമയം കത്തുകൾ കിട്ടിയിരുന്നില്ല. 8ന് പോസ്റ്റ് ഓഫീസ് അവധിയും 9ന് ആറ്റുകാൽ പൊങ്കാലയുമായതാണ് കത്തുകൾ താമസിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. നോമിനേഷൻ നൽകേണ്ട അവസാന തീയതിയായ 11ന് ഇടതുപക്ഷ പാനലിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ കഴിഞ്ഞെങ്കിലും കോൺഗ്രസ് അനുകൂല അംഗങ്ങൾക്ക് അതിനു കഴിയാതെപോയി.
ജനറൽ സെക്രട്ടറിയടക്കം ഏഴുപേരടങ്ങുന്ന കമ്മിറ്റിയെയാണ് തിരഞ്ഞെടുക്കേണ്ടത്. എതിർപാനൽ ഇല്ലാതെ വന്നതോടെ ഇടതുപക്ഷ പാനൽ തിരഞ്ഞെടുക്കപ്പെടും. ജനറൽ സെക്രട്ടറിയായി ഷിജുഖാനാണ് നോമിനേഷൻ നൽകിയത്. വൈസ് പ്രസിഡന്റായി അഴീക്കോടൻ ചന്ദ്രൻ (കണ്ണൂർ), ജോയിന്റ് സെക്രട്ടറിയായി മീരാദർശൻ (കോഴിക്കോട് ) , ട്രഷറായി ആർ.രാജു (തിരുവനന്തപുരം), എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ഒ.എം.ബാലകൃഷ്ണൻ (കാസർകോട്), എം.കെ.പശുപതി (തൃശൂർ), അഡ്വ. യേശുദാസ് പറമ്പിള്ളി ( എറണാകുളം) എന്നിവരാണ് പാനലിലുള്ളത്. ആകെ 1300 ഓളം അംഗങ്ങളാണ് ശിശുക്ഷേമ സമിതിയിലുള്ളത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ടി.വി.അനുപമയാണ് റിട്ടേണിംഗ് ഓഫീസർ .