കോവളം: വിഴിഞ്ഞത്ത് നിന്നും കാണാതായ മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം അടിമലത്തുറ ഭാഗത്തെ കടലിൽ നിന്നും ഇന്നലെ രാത്രി എട്ടോടെ കണ്ടെത്തി. കിടാരക്കുഴി കിടങ്ങിൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റെയും ബിന്ദു സരോജത്തിന്റെയും മകൾ നിഷയുടെ (19) മൃതദേഹമാണ് കണ്ടെത്തിയത്. നിഷയ്‌ക്കൊപ്പം കാണാതായ കോട്ടുകാൽ പുന്നവിള വിജയഭവനിൽ ശരണ്യ (18), കോട്ടുകാൽ പുന്നവിളയിൽ എസ്.എം. ഹൗസിൽ ഷാരുഷമ്മി (17) എന്നിവർക്കായി തെരച്ചിൽ ശക്തമാക്കി. മരിച്ച നിഷയും ശരണ്യയും പാറശാല സ്വകാര്യ കോളേജിലെ ഡിഗ്രി വിദ്യാ‌ർത്ഥികളാണ്. ഷാരുഷമ്മി കോട്ടുകാൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമാണ്. സുഹൃത്തുക്കളായ ഇവരെ ഇന്നലെ വെെകിട്ട് മൂന്നോടെ കാണാതാവുകയായിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ വീഴിഞ്ഞം പൊലീസിന് പരാതി നൽകി. ഷാരു ഷമ്മിയുടേതെന്ന് കരുതുന്ന സ്‌കൂട്ടറും ഇവരുടെ മൂന്ന് ജോഡി ചെരുപ്പുകളും കടൽത്തീരത്ത് നിന്നും കണ്ടെന്ന് നാട്ടുകാ‌‌ർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടലിൽ നിന്നും കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ്.ഐ ഷാനിബാസിന്റെ നേതൃത്വത്തിൽ മറ്റു രണ്ടുപേർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.