nigraham-36

കോന്നിയിൽ കാർ ആക്സിഡന്റ് ഉണ്ടാക്കിയപ്പോൾ സി.ഐ ഇഗ്‌നേഷ്യസ് അറസ്റ്റുചെയ്ത നാൽവർ സംഘമായിരുന്നു അത്.

തൈക്കാട് സുനിൽ.

സി.വി. ദിനേശ്.

മുഹമ്മദ് റസൂൽ.

ജോസഫ് ജോൺ.

''രണ്ടെണ്ണത്തിനെയും ഇങ്ങനെ ഒന്നിച്ച് ഈ സബ് ജയിലിൽ കിട്ടുമെന്ന് ഞാൻ കരുതിയതേയില്ല."

മുഹമ്മദ് റസൂൽ തന്റെ നീണ്ട താടിയിൽ ഒന്നു തടവി.

മറ്റുള്ളവർ സിദ്ധാർത്ഥിലും ഇഗ്‌നേഷ്യസിലും കണ്ണുകൾ ഉറപ്പിച്ചു നിൽക്കുകയാണ്.

''ഇപ്പത്തന്നെ അവന്മാരെ അങ്ങ് അടിച്ചു പരത്തിയാലോ?"

തൈക്കാടു സുനിൽ മൊട്ടത്തല ചൊറിഞ്ഞു.

''ഇന്നു വേണ്ടാ. പത്ത് പതിനാല് ദിവസങ്ങൾ അവന്മാരുണ്ടല്ലോ ഇവിടെ? അതിനിടയ്ക്ക് പറ്റിയ അവസരം നോക്കി നമുക്കങ്ങു തീർക്കാം."

സി.വി. ദിനേശ് തടഞ്ഞു.

സിദ്ധാർത്ഥ് യാദൃ‌ച്ഛികമായി അവരെ കണ്ടു. അവന്റെ നെറ്റി ചുളിഞ്ഞു.

അവർ പെട്ടെന്ന് അവിടെ നിന്നു മാറി.

''അവന്മാരും ഇവിടെത്തന്നാ. അല്ലേ സാറേ?" സിദ്ധാർത്ഥ് സി.ഐയെ നോക്കി. ''ഷാജി ചെങ്ങറയുടെ സുഹൃത്തുക്കൾ?"

ഇഗ്‌നേഷ്യസ് അമർത്തി മൂളി.

''റിമാന്റ് കാലാവധി തീരും മുൻപ് ഇവിടെ ഒരു ഏറ്റുമുട്ടൽ ഉറപ്പാ. അതുകൊണ്ട് നീ നോക്കീം കണ്ടും നിന്നോണം."

സിദ്ധാർത്ഥും ഒന്നു മൂളി.

****

പത്തനംതിട്ട

കളക്ടറേറ്റിൽ കോന്നി എം.എൽ.എ ശ്രീനിവാസൻ അടക്കമുള്ളവരുടെ അടിയന്തര യോഗം ചേർന്നു.

കളക്ടറും എസ്.പിയും ആർ.ഡി.ഒയും അടക്കം പ്രമുഖരെല്ലാം ഉണ്ടായിരുന്നു.

വിഷയം സിദ്ധാർത്ഥിന്റെ അമ്മയുടെ ബോഡി എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളതാണ്.

''ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ലായിരുന്നു, സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു."

എം.എൽ.എ ശ്രീനിവാസൻ വീറോടെ പറഞ്ഞു.

''ഞാൻ പ്രതിപക്ഷ കക്ഷി ആയതുകൊണ്ടല്ലേ മന്ത്രിയുടെ സന്ദർശനത്തിന് എന്നെ വിളിക്കാതിരുന്നത്? ഞാൻ ആ സമയത്ത് അവിടെയുണ്ടായിരുന്നുവെങ്കിൽ അത്യാസന്ന നിലയിൽ ആംബുലൻസിൽ കൊണ്ടുവന്ന സ്ത്രീയെ കടത്തിവിടുമായിരുന്നു... അതെങ്ങനാ പണ്ട് ഒന്നിച്ചു രാഷ്ട്രീയം കളിച്ചു നടന്നവനാണെങ്കിലും മറുകണ്ടം ചാടിപ്പോയ പന്തളം സുശീലന് മന്ത്രിസ്ഥാനംകൂടി കിട്ടിക്കഴിഞ്ഞപ്പോൾ അഹങ്കാരമാണല്ലോ മുന്നിൽ?"

''സാർ..." കളക്ടർ, എം.എൽ.എയെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു:

''കഴിഞ്ഞുപോയതിനെക്കുറിച്ച് ഇനി പറഞ്ഞിട്ടെന്തു കാര്യം? ഏതായാലും ഒരു ബോഡി റോഡിനു നടുവിൽ അടക്കം ചെയ്യുവാൻ പറ്റില്ലല്ലോ... അത് അവിടെനിന്നു നീക്കം ചെയ്തേ റോഡുപണി ബാക്കി നടക്കുകയുള്ളു. നേരത്തെ ജനങ്ങളുമായി ഒരു ധാരണയുണ്ടാക്കാതെ ബോഡി റിമൂവു ചെയ്യാൻ ചെന്നാൽ വീണ്ടും വിഷയം ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഈ സമയത്ത് സാറ് ആത്മാർത്ഥമായി ശ്രമിച്ചാലേ അതിനു കഴിയൂ."

ശ്രീനിവാസൻ അതുകേട്ട് ഒന്നു നിവർന്നിരുന്നു.

''ഞാൻ പറഞ്ഞാൽ ജനങ്ങൾ കേൾക്കും. പക്ഷേ, ഈ എസ്.പി എന്തിനാ ജനങ്ങടെ മുകളിലേക്ക് ചാടിക്കേറി അടിയുണ്ടാക്കിയതെന്നു പറയണം."

''സാർ... അത്." കൃഷ്ണദാസ് എന്തോ പറയാനാഞ്ഞു.

എന്നാൽ ശ്രീനിവാസൻ കൈ ഉയർത്തി.

''പെട്രോൾ ബോംബിന്റെ കാര്യമായിരിക്കും താൻ പറയാൻ വരുന്നത്. അതങ്ങ് കയ്യിലിരിക്കട്ടെ. ഓട്ടോക്കാരല്ല അതെറിഞ്ഞതെന്ന് തനിക്കും അറിയാം എനിക്കും അറിയം. ബോംബ് എറിഞ്ഞവർ ഓടിപ്പോകുന്നത് കണ്ടവരും ധാരാളം. പോലീസ് അടക്കം അത് കണ്ടിട്ടുണ്ട്. എന്നിട്ടും താൻ ഓട്ടോക്കാരുടെ മണ്ടയ്ക്കേക്ക് ചാടിക്കയറിയത് എന്തിനാണെന്ന് ആദ്യം പറയ്."

എസ്.പി കൃഷ്ണപ്രസാദ്, ശ്രീനിവാസൻ അറിയാതെ കടപ്പല്ലു ഞെരിച്ചു. എന്നിട്ട് മുഖത്ത് വിധേയത്വം വരുത്തി.

''സാർ... അപ്പോഴത്തെ ആ സിറ്റ്വേഷനിൽ അതല്ലാതെ വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ല. മന്ത്രി വന്ന് ക്ഷമ പറയണമെന്ന ഒറ്റ വാശിയിലുമായിരുന്നു ഓട്ടോക്കാർ."

''അതിന് ?" ശ്രീനിവാസൻ വെട്ടിത്തിരിഞ്ഞു. ''അവർ പറഞ്ഞതിൽ എന്താടോ തെറ്റ്? മന്ത്രി തന്നെയല്ലേ വഴി തടഞ്ഞു നിന്നതും ആംബുലൻസ് പോകാൻ അനുവദിക്കാതിരുന്നതും? ആ നിലയ്ക്ക് അയാൾ മാപ്പുപറയേണ്ടതു തന്നെയല്ലേ?"

എസ്.പി മിണ്ടിയില്ല.

കളക്ടർ വീണ്ടും ഇടപെട്ടു.

''സാർ... സിദ്ധാർത്ഥിന്റെ അമ്മയുടെ ബോഡി ചീഞ്ഞുതുടങ്ങിയാൽ അത് പിന്നെയും വിഷയമാകും. സാറ് എത്രയും വേഗം ഇടപെടണം."

''ഇടപെടാം. പക്ഷേ, അത് മറവുചെയ്യണമെങ്കിൽ സിദ്ധാർത്ഥിന്റെ സാന്നിദ്ധ്യം ഉണ്ടാവണം."

''അങ്ങനെ ചെയ്യാം. അന്ത്യകർമ്മങ്ങൾ നടത്തുവാൻ അവനെ തൽക്കാലം ജയിലിൽ നിന്നു കൊണ്ടുപോകുവാൻ കോടതിയുത്തരവു വാങ്ങാം."

''എങ്കിൽ ആദ്യം അത് ചെയ്യ്."

എം.എൽ.എ എഴുന്നേറ്റു.

കോന്നി.

എം.എൽ.എ ശ്രീനിവാസൻ ഒരുവിധത്തിൽ ഓട്ടോക്കാരെ സമ്മതിപ്പിച്ചു.

കോടതിയിൽ നിന്ന്, അടുത്ത ദിവസം സിദ്ധാർത്ഥിനെ ശവസംസ്കാരത്തിൽ പങ്കെടുപ്പിക്കാനുള്ള ഉത്തരവും ലഭിച്ചു.

വൻ ജനാവലി നോക്കി നിൽക്കെ മഹിമാമണിയുടെ മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്കു മാറ്റി.

(തുടരും)